വൈദിക സാഹിത്യവും ഋഷിമാരുടെ ഗ്രന്ഥങ്ങളും - Chapter 10 - Hindu Dharma Parichaya




ഉപവേദങ്ങൾ

നാല്‌ ഉപവേദങ്ങളുണ്ട്.


ആയുർവേദം -----> ഋഗ്വേദം


ധനുർവേദം ------> യജുർവേദം


ഗന്ധർവ്വവേദം ------> സാമവേദം


അര്ഥവേദം --------> അഥർവ്വവേദം


ആയുർവേദം ----> ശരീരരക്ഷ , ആരോഗ്യത്തിനുള്ള ഉപാധികൾ,ഔഷധത്തിൻ്റെ ഗുണം,രോഗചികിത്സ എന്നിവയാണ് പ്രതിപാദിച്ചിരിക്കുന്നത്.ചാരകസംഹിതയും സുശ്രുതസംഹിതയുമാണ് പ്രശസ്തഗ്രന്ഥങ്ങൾ.ആയുർവേദത്തിന്റെ മൂലം ഉള്ളത് ഋഗ്വേദത്തിലാണ്.ഋഗ്വേദത്തിൻ്റെ ഉപവേദമാണ് ആയുർവേദം.ധാരാളം ആളുകൾ അഥർവവേദത്തിന്റെ ഉപവേദമായി കൂടെ കരുതിപ്പോരുന്നു.അഥർവവേദത്തിൽ ഋഗ്വേദത്തിലെ പോലെ അനേകം ഔഷധങ്ങളെ കുറിച്ച് വിവരിക്കുന്ന സൂക്തങ്ങളുണ്ട്.


ധനുർവേദം -----> യജുർവേദത്തിന്റെ ഉപവേദമാണ് ധനുർവേദം.ആയുധങ്ങൾ ഉപയോഗിക്കേണ്ട രീതിയെ പറ്റിയുള്ള ശാസ്ത്രവിദ്യയാണ് മുഖ്യപ്രതിപാദ്യവിഷയം.നിജരാജപുരുഷസംബന്ധി, പ്രജാസംബന്ധി ,നീതിശാസ്ത്രം എന്നിവയും അതിൽ ഉണ്ട്.


ഗന്ധർവവേദം ---> സാമവേദത്തിൻ്റെ ഉപവേദമാണ് ഗന്ധർവവേദം.സംഗീതമാണ് പ്രധാനവിഷയം.നാരദസംഹിതയാണ് പ്രശസ്തമായ ഗ്രന്ഥം.


അര്ഥവേദം ---> അഥർവവേദത്തിന്റെ ഉപവേദമായ അര്ഥവേദത്തിന്റെ പ്രധാനവിഷയം ശില്പവിദ്യയാണ്.ആയുർവേദ ഔഷധങ്ങൾ ,പദാർത്ഥങ്ങളുടെ ഗുണവിജ്ഞാനം തുടങ്ങിയവയും ഇതിൽ പെടുന്നു.
ബ്രാഹ്മണാരണ്യകങ്ങൾ

വേദം അർഥസഹിതം പഠിക്കുവാൻ സഹായിക്കുന്ന ഭാഷ്യങ്ങളാണ് ഇവ. വേദങ്ങളുടെ ഏറ്റവും പുരാതനമായ ഭാഷ്യങ്ങൾ മഹീദാസൻ ,ഐതരേയൻ, യാജ്ഞ്യവല്കൻ തുടങ്ങിയ ഋഷിമാർ രചിച്ച ബ്രാഹ്മണഗ്രന്ഥങ്ങളാണ്.


ഋഗ്വേദം ------> ഐതരേയബ്രാഹ്മണം → മഹീദസ ഐതരേയൻ

യജുർവേദം ----> ശതപഥബ്രാഹ്മണം → യാജ്ഞ്യവൽക്കൻ

സാമവേദം ----> സാമം / താണ്ഡ്യബ്രാഹ്മണം → താണ്ഡ്യൻ

അഥർവവേദം ----> ഗോപഥബ്രാഹ്മണം → ഗോപഥൻ


വേദങ്ങളിലെ ശബ്ദങ്ങളുടെ അര്ഥവും, യജ്ഞങ്ങളിൽ അവയുടെ പ്രയോഗവിധികളും ഈ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നു.ബ്രാഹ്മണഗ്രന്ഥങ്ങളുടെ ഭാഗമാണ് ആരണ്യകങ്ങൾ. ആധ്യാത്മികകാര്യങ്ങൾക്കാണ് അവയിൽ പ്രാധാന്യം.
വേദാംഗങ്ങൾ

ആറു വേദാംഗങ്ങൾ ഉണ്ട്.


ശിക്ഷ


കല്പം


വ്യാകരണം


നിരുക്തം


ഛന്ദസ്സ്


ജ്യോതിഷം


ഇവ പഠിക്കുന്നത് വേദപഠനത്തിന് വളരെ സഹായകരമായിരിക്കും.


ശിക്ഷ ---> ഉച്ചാരണശാസ്ത്രമാണ് ഇത്. പാണിനിയുടെ വര്ണോച്ചാരണശിക്ഷ ആണ് ഗ്രന്ഥം.


കല്പം -------> വൈദിക ആചാരങ്ങളെ പറ്റി ഈ ഗ്രന്ഥങ്ങളിൽ ആണുള്ളത്. ഗൃഹ്യ-സ്തംഭസൂത്രങ്ങളുടെ ഋഷികൃതഭാഷ്യങ്ങളാണ് പഠിക്കുന്നത്.


വ്യാകരണം ----> പാണിനി മഹർഷിയുടെ അഷ്ടാധ്യായി, പതഞ്‌ജലി മഹർഷിയുടെ മഹാഭാഷ്യവുമാണ് പ്രശസ്തഗ്രന്ഥങ്ങൾ.


നിരുക്തം ----> പദങ്ങളുടെ പ്രാചീനമായ അർഥം ഈ ഗ്രന്ഥത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. യാസ്കരാചാര്യന്റെ നിരുക്തം പ്രസിദ്ധമാണ്.


ഛന്ദസ്സ് ----------> കവിതയിലെ വൃത്തം പോലെ മന്ത്രങ്ങളിൽ എത്ര അക്ഷരങ്ങൾ ഉണ്ടായിരിക്കണം എന്ന് തുടങ്ങിയ നിയമങ്ങൾ ഉള്ളത് ഈ ശാസ്ത്രത്തിലാണ് പിംഗളമുനിയുടെ ഛന്ദഃശാസ്ത്രം പ്രസിദ്ധമാണ്.


ജ്യോതിഷം ------------> വേദത്തിന്റെ കണ്ണാണ് ജ്യോതിഷം.കാലഗണന,ആകാശഗോളങ്ങൾ ,സ്ഥലകാലനിർണ്ണയം,കാലാന്തരം തുടങ്ങിയ വിവരങ്ങൾക്ക് ഈ ശാസ്ത്രം ഉപകാരപ്പെടും.ഇന്ന് പ്രചുരപ്രചാരത്തിലുള്ള ഫലജ്യോതിഷം അല്ല ഇത്. മയാചാര്യരുടെ സൂര്യസിദ്ധാന്തമാണ് പ്രശസ്തഗ്രന്ഥം.
ഉപാംഗങ്ങൾ

ഉപാംഗങ്ങളെ ദര്ശനങ്ങളെന്നും ശാസ്ത്രങ്ങളെന്നും പറയും.അവയും ആറെണ്ണമുണ്ട്.ഷഡ്ദർശനങ്ങൾ എന്ന് പറയും.ആത്മാവ് ,പരമാത്മാവ്, പ്രകൃതി, ലോകോത്പത്തി, മുക്തി തുടങ്ങിയ കഠിനപ്രശ്നങ്ങളുടെ പഠനപാഠനങ്ങൾ ആണ് ദർശനങ്ങൾ.



ന്യായദര്ശനം ----> മഹർഷി ഗൗതമൻ


വൈശേഷികം ----> മഹർഷി കണാദൻ


സാംഖ്യം ----> മഹർഷി കണാദൻ


യോഗം ------> മഹർഷി പതഞ്ജലി


പൂർവമീമാംസ ----> മഹർഷി ജൈമിനി


ഉത്തരമീമാംസ ----> മഹർഷി വ്യാസൻ


ഈ മഹർഷിമാർ ഇവയുടെ കർത്താക്കളല്ല, സമാഹരിച്ചവരാണ് ഈ ഋഷിമാർ.ഇവർക്ക് മുൻപും ഈ ദർശന -ശാസ്ത്രങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ആധുനികലോകത്ത്, മഹർഷിമാരെന്ന് സ്വയം ബ്രാൻഡ് ചെയ്യുന്ന ആചാര്യന്മാരുണ്ട്. തങ്ങളുടെ ചിത്രം വെച്ച് ശിഷ്യന്മാരെ കൊണ്ട് പൂജിപ്പിക്കുന്ന പ്രക്രിയകൾ ഋഷിപരമ്പരയുടെ അനുജ്ഞയോടെ അല്ല. പണത്തിനും പ്രശസ്തിക്കും വേണ്ടി ആധുനികഗുരുക്കന്മാരും ആചാര്യന്മാരും ചെയ്യുന്ന സൂത്രങ്ങളാണ് അവ. മഹർഷിമാർ ബ്രാൻഡിങ്ങിൽ വിശ്വസിച്ചിരുന്നില്ല. ആധുനികആചാര്യന്മാരെയും ആധുനികമഹർഷിമാരെയും ഭാരതം ആദരിക്കുകയും ബഹുമാനിക്കുകയും തന്നെ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് മാതാ അമൃതാനന്ദമയി, സായിബാബ , ശ്രീ ശ്രീ രവിശങ്കർ, സദ്ഗുരു ജഗ്ഗി വാസുദേവ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ അനേകം ആചാര്യന്മാർ സമ്പന്നതയ്ക്ക് നടുവിൽ പ്രതാപശാലികളായി കഴിഞ്ഞത്. ഭാരതീയർക്ക് ശ്രദ്ധ കുറവായിരുന്നെങ്കിൽ ഇവർ പലരും ദരിദ്രരായത് നാം കണ്ടേനേ.
ഉപനിഷത്തുക്കൾ

മഹർഷിമാർ എഴുതിയ വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കൾ.ബ്രഹ്മവിദ്യയാണ് പ്രതിപാദ്യവിഷയം.മഹാഋഷിമാർ വേദജ്ഞാനത്തെയും അനുഭവത്തിൽ നിന്നുള്ള അറിവിനെയും ആധാരമാക്കിയാണ് ബ്രഹ്മവിദ്യ ഉപനിഷത്തിലൂടെ ഉപദേശിക്കുന്നത്.ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ് അവയിലുള്ളത്. 150 മുതൽ 1000 വരെ ഉണ്ടെന്നാണ് കണക്ക്.എന്നാൽ പത്തെണ്ണം മാത്രമേ ആധികാരികമായിട്ടുള്ളൂ.ശങ്കരാചാര്യയുടെ ഭാഷ്യത്തിൽ മറ്റു നാല് ഉപനിഷത്തുകളെ കൂടി പ്രമാണമാക്കിയിട്ടുണ്ട്. ആചാര്യ ശങ്കരൻ പത്തെണ്ണത്തിനാണ് ഭാഷ്യമെഴുതിയത്. അത് കൊണ്ട് വേദാന്തപഠനത്തിന് പത്തെണ്ണം മതിയാകും.ഇവയാണ് ദശോപനിഷത്തുക്കൾ.ഇവയെ കൂടാതെ ശ്വേതാശ്വേതരം കൂടെ പതിനൊന്നാമതായി എണ്ണി പഠിക്കാറുണ്ട്.ദശോപനിഷത്ത് എന്ന ഗണന നവീനമാണെന്നും ബാദരായണസൂത്രത്തിൽ വ്യാസൻ മറ്റു രണ്ടു ഉപനിഷത്തുകളായ കൗഷീതകീ ,മൈത്രീ ഉപനിഷത്തുക്കൾ കൂടെ പ്രാധാന്യമുള്ളവയാണെന്നും അതിനാൽ ത്രയോദശോപനിഷത്തുക്കളാണ് മുഖ്യഉപനിഷത്തുക്കൾ എന്നതാണ് വിദ്വാൻമാരുടെ അഭിപ്രായം.
ദശോപനിഷത്ത്


ഈശാവാസ്യം


കേനം


കഠം


പ്രശ്നം


മുണ്ഡകം


മാണ്ഡൂക്യം


ഐതരേയം


തൈത്തരീയം


ഛാന്ദോഗ്യം


ബൃഹദാരണ്യകം


ശ്വേതാശ്വേതരം



വേദങ്ങളുടെ പഠനം ആവശ്യമില്ല പകരം ഉപനിഷത്ത് ധാരാളമാണെന്ന് ചില ആധുനികഗുരുക്കന്മാർ പഠിപ്പിക്കാറുണ്ട്. പാൽപായസമാണ് വിഭവസമൃദ്ധമായ സദ്യയെന്നും, താഴികകുടമാണ് ഗോപുരത്തിന്റെ മുഖ്യഭാഗമെന്നോ പറയുന്നത് പോലെയാണിത്.
വേദശാഖകൾ

"ശങ്ശയേ" എന്ന ധാതുവിൽ നിന്നാണ് ശാഖാശബ്‍ദം സിദ്ധിക്കുന്നത്. വേദാർത്ഥം ഏതിൽ സിദ്ധിക്കുന്നുവോ അതാണ് ശാഖ.വേദവ്യാഖ്യാനമാണ് അവ. ശാഖകൾ അപൗരുഷേയമല്ല. മനുഷ്യകൃതമാണ്. ചരണം എന്നാണ് അവയുടെ മറ്റൊരു പേര്. ഋഗ്വേദത്തിന് 21 ശാഖകളുണ്ട്. യജുർവേദത്തിന് 101, സാമവേദത്തിന് ആയിരം, അഥർവ വേദത്തിന് 9 ശാഖകൾ.അങ്ങനെ 1131 ശാഖകൾ ഉണ്ടായിരുന്നു. സംഹിത,ബ്രാഹ്മണം, ഉപനിഷത്ത്, ആരണ്യകഭാഗങ്ങൾ ശാഖയിലുണ്ട് .
ധര്മശാസ്ത്രങ്ങൾ

ഏറ്റവും പ്രധാനമായ ധർമഗ്രന്ഥം നാല് വേദങ്ങൾ തന്നെയാണ്. വേദവിരുദ്ധമായ കാര്യങ്ങൾ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങളൊന്നും തന്നെ പ്രാധാന്യങ്ങളോ ആധികാരികത ഉള്ളതോ അല്ല പ്രാചീനവൈദികരുടെ നോട്ടത്തിൽ. പുണ്യാത്മാക്കളായ മഹർഷിമാരുടെ നാമത്തിൽ ദുഷ്ടന്മാരും സ്വാർത്ഥികളുമായ ധാരാളം പേർ അബദ്ധജടിലങ്ങളായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ട്. ആർഷഗ്രന്ഥങ്ങളിൽ പോലും ചില ഭാഗങ്ങൾ എഴുതിച്ചേർത്തിരിക്കുന്നതിനാൽ ശരിയേത് തെറ്റേത് എന്ന് തീർത്തു പറയാൻ പ്രയാസമാണ്. അവയെ വിഷം കലർന്ന ഭക്ഷണത്തെപ്പോലെ വർജിക്കണം.സ്‌മൃതികളിൽ പ്രധാനം മനുസ്‌മൃതിയാണ്. വേദങ്ങളെ ആധാരമാക്കി മനു രചിച്ച മനുസ്‌മൃതിയിൽപോലും പിൽകാലത്ത് കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്.അത് കൊണ്ട് പ്രക്ഷിപ്തഭാഗങ്ങൾ ഉപേക്ഷിച്ചു വേദാനുകൂലം മാത്രം അംഗീകരിക്കുകയേ വഴിയുള്ളൂ. വേദങ്ങളിൽ പറഞ്ഞിരിക്കുന്നതിന് അനുകൂലം സ്വീകരിക്കുകയും അതിന് പ്രതികൂലം ത്യജിക്കുകയും വേണം.


വേദങ്ങൾ പറഞ്ഞിരിക്കുന്നതിൽ പോലും നിങ്ങൾക്ക് യുക്തിക്ക് നിരക്കാത്തത് എന്ന് തോന്നുന്നത് നിർദാക്ഷണ്യം തള്ളിക്കളയണം. പൗരാണികത (പുരാണങ്ങളുടെ) കലർപ്പില്ലാത്ത ഒരു ആര്ഷപദ്ധതിയും നിലവിലില്ല. എല്ലാ മതത്തിലും ആശയത്തിലുമുള്ള നന്മ കണ്ടെത്തി മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഉയർന്ന തലത്തിലേക്ക് സഞ്ചരിക്കുക.
അഭ്യാസം

1. ഉപവേദങ്ങൾ ഏതൊക്കെയാണ് ?എത്ര എണ്ണമുണ്ട് ?

2. എന്താണ് ബ്രാഹ്മണാരണ്യകങ്ങൾ ? പ്രധാനപ്പെട്ട നാല് ബ്രാഹ്മണങ്ങളുടെ പേര് പറയുക ?

3. വേദാംഗങ്ങൾ എന്താണ് ?എത്ര എന്നുമുണ്ട് ?അവയുടെ പേര് പറയുക ?

4. ഉപാംഗങ്ങൾ എന്താണ് ?എത്ര എണ്ണം ?മഹര്ഷിമാരുടെയും ദര്ശനങ്ങളുടെയും പേര് പറയുക ?

5. മഹർഷിമാർ എഴുതിയ ഉപനിഷത്ത് എത്ര എണ്ണമുണ്ട്? എന്താണവയിൽ പറയുന്നത് ?

6. ദശോപനിഷത്തുകളുടെ പേര് പറയുക ?

7. വേദപഠനം ആവശ്യമില്ല ,ഉപനിഷത്ത് മാത്രം പഠിച്ചാൽ മതി എന്ന് ചിലർ പറയുന്നു .ഇത് ശരിയാണോ ?

8. ധര്മശാസ്ത്രങ്ങൾ എത്ര? അവയിൽ പ്രധാനമേതാണ് ?

Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya