ധർമം - Chapter 5 - Hindu Dharma Parichaya



നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ് ധർമം.ഇത് കൊണ്ട് മനുഷ്യന് ഉന്നതി ഉണ്ടാകുന്നു. മനുഷ്യസമൂഹത്തെ നിലനിർത്തുന്നതും സംരക്ഷിക്കുന്നതും ധർമമാണ്. ധർമം ആചരിക്കുന്നത് കൊണ്ട് മാത്രമേ സത്യമായ സുഖം ലഭിക്കുകയുള്ളൂ.


ഋഷിമുനിമാർ ധർമത്തെ പറ്റി പ്രസ്താവിച്ചിട്ടുണ്ട്‌. മഹാഭാരതത്തിൽ വേദവ്യാസൻ പറയുന്നത്


ധാരണാദ് ധര്മ ഇത്യാഹുഃ

ധർമോ ധാരയതേ പ്രജാഃ

യാത്സ്യാദ് ധാരണ സംയുക്തമ്

സ ധര്മ ഇതി നിശ്ചയമ് ..


ധരിക്കുന്നതാണ് ധർമം. ഒരു പദാർത്ഥം ധരിക്കുന്നത് അതിന്റെ ധർമമാണ്. ആളുകളെ തമ്മിൽ സ്നേഹത്താൽ കൂട്ടിയോജിപ്പിക്കാൻ കഴിയുന്നത് ധർമമാണ്. ഏതൊന്നിനാൽ എല്ലാവരുടെയും സമുന്നതി സാധ്യമാകുമോ അത് ധർമമാണ്.
ധർമമോ മതമോ?

ധർമവും മതവും രണ്ടാണ്. മതം = അഭിപ്രായം. മതം വ്യക്തിയെ സംബന്ധിച്ചതാണ്. രണ്ടു നേരം കുളിക്കണം. ഭസ്മം തൊടണം. അഞ്ചു നേരം നിസ്കരിക്കണം. ക്ഷേത്രത്തിൽ പോകണം. വഴിപാട് കഴിക്കണം. തസ്‌ബിഹ്‌ (മുസ്ലീങ്ങളുടെ ജപമാല) ഓതണം. കുർബാന കൊള്ളണം. ജാതകം നോക്കണം. ശുഭമുഹൂർത്തം. ഇവയെല്ലാം വ്യക്തിപരമായ സ്വാർത്ഥതയിൽ ഊന്നിയ മതങ്ങളാണ് അല്ലെങ്കിൽ മതതത്വങ്ങളാണ്. സത്യം പറയുക, പൊതുസ്വത്ത് മോഷ്ടിക്കാതിരിക്കുക, ഔദ്യോഗിക സ്ഥാനങ്ങൾ സ്വന്തം വളർച്ചക്കുവേണ്ടി ദുരുപയോഗപ്പെടുത്താതിരിക്കുക മുതലായവയൊക്കെ ധർമത്തിൽപെടുന്നു.


ഋഷിമുനിമാരുടെ അഭിപ്രായം കേൾക്കൂ.വൈശേഷിക ദർശനത്തിൽ കണാദ മുനി പറയുന്നു


"യതഃ അഭ്യുദയ നിശ്രേയസ സിദ്ധിഃ സ ധര്മഃ"

വൈശേഷിക ദർശനം 1.2



യതഃ = ഏതിനാൽ

അഭ്യുദയ = ലൗകികമായ ഉന്നതിയും

നിശ്രേയസ സിദ്ധിഃ = അവസാനിക്കാത്ത ആനന്ദവും ലഭിക്കുമോ

സ ധര്മഃ = അത് ധർമമാണ് .


മനസ്സ് ,ശരീരം ,ആത്മാവ് ,സമൂഹം ,ദേശം ,ലോകം എന്നിവയ്‌ക്കെല്ലാം നന്മ വരുത്തുന്ന പ്രവൃത്തികളുടെ പേരാണ് ധർമം.


എല്ലാ മനുഷ്യരും അനുഷ്ഠിക്കേണ്ട ധര്മത്തിന്റെ സാമാന്യരൂപം നമുക്ക് മനസ്സിലാക്കാം.ധർമത്തിന് മനുസ്‌മൃതിയിൽ പത്ത് ലക്ഷണങ്ങളാണ് പറയുന്നത് .


ധൃതിഃ ക്ഷമാദമോƒസ്തേയം ശൗചമിന്ദ്രിയനിഗ്രഹഃ

ധീര് വിദ്യാസത്യമക്രോധോ ദശകം ധര്മലക്ഷണമ് .


ധൃതി --------------------> ദൃഢനിശ്ചയം - സുഖത്തിലും ദുഃഖത്തിലും അടിപതറാതെ ഉറച്ചു നിൽക്കുക.


ക്ഷമ ----------------------> തെറ്റ് ചെയ്തവനുപോലും മാപ്പ് കൊടുക്കാനുള്ള കഴിവ്.


ദമം -----------------------> മനസിനെ ഏകാഗ്രമായി അടക്കിനിർത്താനുള്ള ശക്തി.


അസ്തേയം -----------> അന്യരുടെ ധനം മോഷ്ടിക്കാതിരിക്കുകയും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത് .


ശൗചം ---------------------> ബാഹ്യവും ആന്തരികവുമായ ശുദ്ധിയാണ് ശൗചം.ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, വീടും പരിസരവും വെടിപ്പായി സൂക്ഷിക്കുക മുതലായവയാണ് ബാഹ്യശുദ്ധി.ശരീരശുദ്ധി പോലെ പ്രധാനമാണ് മനഃശുദ്ധി.വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയും ആത്മാര്ഥതയുമാണ് ആവശ്യം .


ഇന്ദ്രിയനിഗ്രഹം -----> ഇന്ദ്രിയങ്ങളെ സ്വന്തം വരുതിയിൽ നിലനിർത്തുകയും ധാർമികമായി പ്രയോഗിക്കുകയും ചെയ്യുക.


ധീ ---------------------------> ബുദ്ധിയെ വർദ്ധിപ്പിക്കുവാനുള്ള ശ്രമം.മദ്യം ,കഞ്ചാവ് മുതലായ ലഹരിപദാർത്ഥങ്ങൾ കഴിച്ചാൽ ബുദ്ധിമാന്ദ്യം സംഭവിക്കുന്നു.അതിനാൽ ലഹരിപദാർത്ഥങ്ങൾ ഒരിക്കലും ഉപയോഗിക്കാതിരിക്കുക .


വിദ്യ -----------------------> സത്യാഗ്രഹണത്തിനും അസത്യത്യജനത്തിനും ആർജവം നൽകുന്നതാണ് വിദ്യ .


സത്യം ---------------------> എപ്പോഴും സത്യം പറയുക.ആപത്തുകളുടെ നടുവിലും സത്യസന്ധത കൈവെടിയാതിരിക്കുക.എന്തു സംഭവിച്ചാലും കള്ളം പറയാതിരിക്കുക.സത്യമാണ് ഏറ്റവും വലിയ ധർമം.കള്ളം മഹാപാപമാകുന്നു.


അക്രോധം --------------> ക്രുദ്ധനാകാതിരിക്കുക.കോപിക്കുന്നവന്റെ ബുദ്ധി നേരേ നില്കുകയില്ല.എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും അവന് നിശ്ചയമുണ്ടാകില്ല.ബഹുമാന്യരേ കോപിഷ്ഠൻ നിന്ദിക്കും.വഴക്കും ലഹളയും ഉണ്ടാകുന്നത് ക്രോധത്താലാണ്.അതിനാൽ ക്രോധം പാടില്ല.


ഇവ പത്തുമാണ് ധര്മത്തിന്റെ ലക്ഷണം.ഇവയെ ജീവിതത്തിൽ പകർത്തി ആചരിക്കണം.


ധർമം പലതരമുണ്ട്.



  1. വ്യക്തിപരം 
  2. കുടുംബപരം 
  3. സാമൂഹികം 
  4. രാഷ്ട്രപരം 

വ്യക്തിപരം ---------------->എല്ലാ മനുഷ്യരോടും ബന്ധപ്പെട്ടതും പരിപാലിച്ചാൽ സർവവിധ ഉന്നതിയും കൈവരുന്നതുമാണ് വൈയക്തിക ധർമം.മുൻപ് പറഞ്ഞ പത്ത് ലക്ഷണങ്ങളും വ്യക്തിപരമായ ധർമത്തിൽ ഗണിക്കണം.


കുടുംബപരം ---------------> മാതാവ് ,പിതാവ് ,ഭാര്യ ,ഭർത്താവ് ,പുത്രൻ ,പുത്രി ,സഹോദരൻ ,സഹോദരി മുതലായ കുടുംബാംഗങ്ങളോട് ഒരേ രീതിയിലല്ല പെരുമാറേണ്ടതും പ്രവര്തിക്കെണ്ടതും.അതെങ്ങനെ വേണമെന്ന് അറിഞ്ഞു പെരുമാറണം.പരസ്പരം സ്നേഹം ,ബഹുമാനം ,വിശ്വാസം ,സഹായം ,സേവനം മുതലായവയോട് പെരുമാറി കുടുംബത്തിലെ സൗഖ്യം നിലനിർത്തുന്നതിനാണ് കുടുംബപരമായ ധര്മമെന്ന് പറയുന്നത് .


സാമൂഹികം ----------------> മനുഷ്യൻ ഒറ്റക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല.സമൂഹമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു.അങ്ങനെ സമൂഹങ്ങളും സമാജങ്ങളുമുണ്ടായി.സമൂഹത്തിനോട് അതിലെ അംഗങ്ങൾക്കെല്ലാം കടപ്പാടുണ്ട്.ഓരോരുത്തനും സ്വന്തം കഴിവിനൊത്ത് സേവനം ചെയ്യണം.പുരോഗതിക്ക് യത്നിക്കണം.എല്ലാവരുടെയും നന്മയിൽ സ്വന്തം നന്മ കാണണം.സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും നീക്കാൻ സദാ പ്രയത്നിക്കണം.ചൂഷണം ചെയ്യരുത്.ഇതത്രേ സാമൂഹിക ധർമം.


രാഷ്ട്രപരം ------------------> ഏത് രാജ്യത്ത് ജനിച്ചുവോ ആ രാജ്യത്തോട് ഓരോ മനുഷ്യനും കടമകളുണ്ട്.രാജ്യത്തിന്റെ അതിർത്തി, സമ്പത്ത് ,സംസ്കാരം എന്നിവ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. നികുതി കൊടുക്കാതിരിക്കുക, കള്ളക്കടത്ത് നടത്തുക ,കള്ളനോട്ടടിക്കുക, ചാരപ്പണി നടത്തുക ,വിദേശസംസ്കാരങ്ങൾ പ്രചരിപ്പിക്കുക ,രാഷ്ട്രീയ വിദ്വേഷം വളർത്തുക ,വിദേശികളുടെ പിണിയാളായി നിന്ന് രാഷ്ട്രത്തെ തളർക്കുന്ന പ്രവൃത്തി ചെയ്യുക എന്നിവയെല്ലാം രാഷ്ട്രീയ അധർമങ്ങളാണ്.സ്വന്തം അച്ഛനമ്മമാരെ പോലെ രാഷ്ട്രത്തെ കരുതി ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം.രാഷ്ട്രത്തിന് ശക്തി നൽകിയ മഹാറാണാ പ്രതാപൻ ,ശിവജി ,ഋഷി ദയാനന്ദൻ ,വേലുത്തമ്പി, ലോകമാന്യ തിലകൻ ,സ്വാമി വിവേകാനന്ദൻ ,മഹാത്മാഗാന്ധി മുതലായ മഹാപുരുഷന്മാരുടെയും ജീവചരിത്രം വായിക്കുകയും അവർ ഉപദേശിച്ചതും ആഹ്വാനം ചെയ്തതുമായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യണം.


ഇവയാണ് നാല് തരം ധർമങ്ങൾ.

Comments

Popular posts from this blog

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya