ഗായത്രീമന്ത്രസാധന - Chapter 4 - Hindu Dharma Parichaya

ഗായത്രീമന്ത്രം

ഉപനയനസംസ്കാരത്തിൽ യജ്ഞോപവീതം (പൂണൂൽ) നൽകിയതിന് ശേഷം ആചാര്യൻ ഗായത്രി ഉപദേശിക്കുന്നു .ഞങ്ങളുടെ ബുദ്ധിയെ അങ്ങ് പ്രചോദിപ്പിക്കണേ എന്നതാണ് മന്ത്രത്തിന്റെ ആശയം .ഈ മന്ത്രം അനേകം തവണ ജപിക്കാൻ ആചാര്യൻ ഉപദേശിക്കുന്നു.ഈ മന്ത്രം എത്ര തവണ വേണമെങ്കിലും ഏതു സമയത്തും ജപിക്കാം.ഇതിന് ലിഖിതനിയമമോ നിയന്ത്രണമോ ഇല്ല.ഗുരുമന്ത്രം എന്നും സാവിത്രീ എന്നും മന്ത്രത്തെ വിളിക്കുന്നു.ഓം എന്ന നിരാകാര ബ്രഹ്മത്തിനെ ഉപാസിക്കാനാണ് വിധി.ഓം ഭൂര് ഭുവഃ സ്വഃ എന്ന വ്യാഹൃതികൾ മന്ത്രത്തിന് മുന്നിൽ ചേർത്തിരിക്കുകയാണ്.

സപ്താവ്യാഹൃതികൾ

വ്യാഹൃതികൾ ബോധതലത്തിന്റെ ഏഴു ലോകങ്ങളെ സൂചിപ്പിക്കുന്ന ശബ്ദങ്ങളാണ്.


ഭൂലോകം → ഭൂമിയുടെ തലം

ഭുവര്ലോകം → ആകാശത്ത് / atmosphere

സ്വർലോകം → സ്വർഗം (സന്തോഷകരമായ അനുഭവം) / മനസ്സിന്റെ തലം

മഹര്ലോകം → ഉയർന്ന ബോധതലം / മഹാഋഷിമാരുടെ ലോകം

ജനലോകം → ജന്മത്തിലെ അനുഭവം / ബ്രഹ്‌മാവിന്റെ പുത്രന്മാരുടെ ലോകം

തപഃലോകം → തപസ്സു കൊണ്ട് ഉയർന്ന ലോകം

സത്യലോകം → സത്യത്തിന്റെ ലോകം. ഏറ്റവും ഉയർന്നത്

അധോലോകങ്ങൾ / Underworld

അതലം → മയപുത്രനായ ബാലയുടെ ലോകം

വിതലം → സ്വർണം ഉൾപ്പെടെ ഉള്ള ധനങ്ങൾ നിറഞ്ഞ ഒരു ലോകം

സുതലം →മഹാബലിയുടെ ലോകം

രസാതലം → മയന്റെ ലോകം

തലാതലം → കദ്രുവിന്റെ പുത്രന്മാരായ നാഗന്മാരുടെ ലോകം

മഹാതലം → ദാനവനും ദൈത്യന്മാരുടെയും ലോകം

പാതാളം / നരകം → വാസുകി ഭരിക്കുന്ന നാഗന്മാരുടെ ലോകം

ദൈനംദിന ഉപാസനാകര്മമായ സന്ധ്യാവന്ദനം ശ്രീകൃഷ്ണൻ ,രുഗ്മിണി ,ശ്രീരാമൻ ,സീതാദേവി തുടങ്ങിയവർ അനുഷ്ഠിച്ചിരുന്ന നിത്യകർമ്മമാണ്. ഗായത്രീമന്ത്രം ഉപാസനയിലെ പ്രധാന അംഗമാണ് .സ്തുതിയും പ്രാർത്ഥനയും ഉപാസനയും അവസാനിക്കുന്നത് ഇവിടെയാണ് . മനസാ ജപിക്കുന്നതാണ് ഉത്തമം.


ഓം ഭൂര് ഭുവഃ സ്വഃ തത്സവിതുര് വരേണ്യം 

ഭർഗോ ദേവസ്യ ധീമഹി. ധീയോ യോനഃ പ്രചോദയാത്. 


(ഋഗ്വേദം 3.62.10, യജുർവേദം 36.3, സാമവേദം 1467 ) 


ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരൻെറ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർഥ്യയുക്തവും പാപവിനാശകവുമായ തേജസിനെ ഞങ്ങൾ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ്‌വൃത്തികളിൽ നിന്നും വേറിടുവിച്ചു സത്കർമങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കട്ടെ .

യജ്ഞോപവീതം പരമംപവിത്രം 

ഉപനയനസംസ്കാരം

ചതുർവേദങ്ങളിലെ മന്ത്രങ്ങളിൽ നിന്ന് ഋഷിമാർ ആവിഷ്കരിച്ച പതിനാറ് സംസ്കാരങ്ങളിൽ (ഷോഡശസംസ്കാരം) പത്താമത്തേതാണ് ഉപനയനസംസ്കാരം. ഗോത്രം ,ജാതി ,വേദം, ശാഖ നോക്കാതെ ഏവർക്കും സ്വീകരിക്കാവുന്നതാണ് ഈ സംസ്കാരങ്ങൾ. എട്ട് വയസ്സിന് ശേഷം ആർക്കും ഉപനയനം ചെയ്യാവുന്നതാണ്. ഗുരുവിന്റെ അടുത്ത് കുട്ടിയെ എത്തിച്ചു വിദ്യയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോവുകയാണ് ലക്‌ഷ്യം.

ഗുരുമന്ത്രം എന്നറിയപ്പെടുന്ന ഗായത്രീ മന്ത്രം 

ബ്രഹ്മചര്യ ആശ്രമം തുടക്കം കുറിക്കുന്ന ബ്രഹ്മചാരിക്ക് ഗുരു ഗായത്രീമന്ത്രം ഉപദേശിക്കുന്നു."ഞങ്ങളുടെ ബുദ്ധിയെ ഈശ്വരാ അങ്ങ് പ്രകാശിപ്പിക്കണേ" എന്ന ആശയമുള്ള ഗായത്രീമന്ത്രം അനേകം തവണ ജപിക്കാൻ ഗുരു ഉപദേശിക്കുന്നു.മൂന്ന് പരുത്തി നൂലിഴകൾ ചേർത്ത് കെട്ടിയ യജ്ഞോപവീതം അഥവാ പൂണൂൽ ശേഷം സന്യാസാശ്രമം വരെ ധരിക്കുന്നു.ഒരു മന്ത്രം ചൊല്ലിയാണ് നൂല് മാറ്റി ഇടുന്നത് .ഇത് വേദമന്ത്രമല്ല.



യജ്ഞോപവീതം പരമം പവിത്രം പ്രജാപതേര്യത് 

സഹജം പുരസ്താത്. ആയുഷ്യമഗ്രം പ്രതിമുഞ്ച ശുഭ്രം 

യജ്ഞോപവീതം ബലമസ്തു തേജഃ യജ്ഞോപവീതമസി 

യജ്ഞസ്യത്വാ യജ്ഞോപവീതേനോപനഹ്യാമി 


യജ്ഞോപവീതം പരമപവിത്രമാണ്. ഈശ്വരനിൽ നിന്ന് ഇത് സ്വാഭാവികമായി കിട്ടിയതാണ്. ഇത് ആയുർവർദ്ധകവും നിർമ്മലവും മുഖ്യവുമാണ്. ഇത് നിനക്ക് ബലവും തേജസ്സും തരുന്നതാകട്ടെ. നീ യജ്ഞോപവീതമാണ്. യജ്ഞോപവീതമായി ഞാൻ നിന്നെ അണിയുകയാണ്.


ഉപനയനത്തിൽ യജ്ഞോപവീതം അണിയുകയും അതിനു ശേഷം ബ്രഹ്മചാരി അഗ്നിഹോത്രവും സന്ധ്യാവന്ദനവും എല്ലാ ദിവസവും രണ്ട് സന്ധ്യകളിലും ചെയ്യും .

അഭ്യാസം

  1. വിദ്യാർത്ഥികൾ എല്ലാവരും ദിവസവും കുറഞ്ഞത് 108 തവണ എങ്കിലും ഗായത്രീമന്ത്രം ജപിക്കുക.

  2. എണ്ണം ഉറപ്പ് വരുത്താൻ ജപമാല (രുദ്രാക്ഷം ,ചന്ദനം വേണമെന്ന് നിര്ബന്ധമില്ല) സഹായിക്കും.

  3. കുറഞ്ഞത് മൂന്ന് വട്ടമെങ്കിലും ചൊല്ലാത്ത ദിവസം കടന്നു പോകില്ലെന്ന് പ്രതിജ്ഞ ചെയ്യുക.

Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya