വർണ്ണവ്യവസ്ഥയും ജാതീയതയും - Chapter 6 - Hindu Dharma Parichaya

 മനുഷ്യസമൂഹത്തെ ആചാര്യന്മാർ നാലായി വിഭജിച്ചിട്ടുണ്ട്. അതിന് പേര് വർണം. ഇത് ശരിയോ തെറ്റോ എന്നത് ഒരു വിഷയമാണ്. നമ്മുടെ ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും ഭാരതത്തിന്റെ എല്ലാ അധഃപതനത്തിന്റെയും root cause ജാതിവ്യവസ്ഥയിലേക്ക് വഴുതിപ്പോകുന്ന വർണ്ണാശ്രമധർമമാണ്. എന്തായാലും വംശീയതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഹിന്ദുസമാജത്തിൽ ഇത് ഒഴിച്ച് നിർത്താൻ പറ്റാത്ത വിഷയമാണ്. തിയറി എപ്പോഴും സുന്ദരവും ജീവിതയാഥാർഥ്യങ്ങൾ ഭീകരവുമായിരിക്കും.

വര്ണോ വൃണോതേ - (നിരുക്തം 2.3)

വരണീയമായ ,വരിക്കാൻ അർഹമായ ഗുണകർമങ്ങളെ കണ്ടറിഞ്ഞു യഥായോഗ്യം വരിക്കുന്നതാണ് വര്ണം.


ഗുണം, കർമം, സ്വഭാവം എന്നിവയനുസരിച്ചു വരിക്കുന്നതിന്റെ അഥവാ തിരഞ്ഞെടുക്കുന്നതിന്റെ പേരാണ് വർണം.ഒരുവൻ വരിക്കുന്നതാണ് അവന്റെ വർണം.വരിക്കുന്നതിനാൽ വർണം എന്ന് പേര് വന്നു.

ബ്രാഹ്മണൻ ,ക്ഷത്രിയൻ ,വൈശ്യൻ ,ശൂദ്രൻ എന്നിവയാണ് നാല് വർണങ്ങൾ.ഇവയെ ചാതുർവർണ്യം എന്ന് വിളിക്കാം.ചാതുർവർണ്യം ജാതിവ്യവസ്ഥ അല്ല.അധര്മികളായ സ്വാർത്ഥജനം എക്കാലത്തും വര്ണവ്യവസ്ഥയെ ജാതിവ്യവസ്ഥയായി മാറ്റാം.


ഇത് സത്യസിദ്ധാന്തമാണ്. നടപ്പിൽ വരുത്തേണ്ടത് അല്ല. മനുഷ്യരിൽ നാല് തരക്കാർ ഉണ്ടാകും എന്നാണ് ആചാര്യന്മാരുടെ പക്ഷം. ഗുണം, പ്രവൃത്തി, സ്വഭാവം അനുസരിച്ചു വൈദികധർമത്തിൽ നാലായി തരം തിരിച്ചു.

ബ്രാഹ്മണർ 


ബ്രഹ്മത്തെയും (ഈശ്വരനെയും) വേദത്തെയും അറിയുന്നവനത്രേ ബ്രാഹ്മണൻ.


ബ്രഹ്മ ഹി ബ്രാഹ്മണഃ ക്ഷത്ര⍦ഹീന്ദ്രഃ ക്ഷത്ര⍦ രാജന്യഃ 


- ശതപഥം 5.1.1.11  


ബ്രഹ്മം അഥവാ വേദപഠനം , ഈശ്വരോപാസന എന്നിവയോടു കൂടി വർത്തിക്കുകയും വിദ്യയും ഉത്തമഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യുന്ന പുരുഷനാണ് ബ്രാഹ്മണത്വത്തിനർഹൻ.


പരമൈശ്വര്യവാനും ശത്രുനാശത്തിനു വേണ്ടി യുദ്ധോത്സുകനായിരിക്കുന്നവനും പ്രജാപാലനതല്പരനുമാണ് ക്ഷത്രിയനാകാനാർഹൻ.


വേദം മുതലായ ശാസ്ത്രങ്ങൾ പഠിക്കുക ,പഠിച്ച സത്യം പ്രചരിപ്പിക്കുക ,യജ്ഞം നടത്തുക,നടത്തിക്കുക, ശക്തിക്കനുസരിച്ചു ദാനം ചെയ്യുക ,ശ്രദ്ധയോടെ തരുന്നതിനെ സ്നേഹപൂർവ്വം സ്വീകരിക്കുക ,ധർമം ഉപദേശിക്കുക ,സാമൂഹികസേവനവും പരോപകാരപ്രദമായ നല്ല കാര്യങ്ങളും അനുഷ്ഠിക്കുക.ഇങ്ങനെയുള്ള വിദ്വാനും ധർമാത്മാവും സദാചാരിയും ത്യാഗിയുമായ ആളിനെയാണ് ബ്രാഹ്മണൻ എന്ന് പറയുന്നത് .



സത്യം ദാനം ക്ഷമ ശീലം അനൃശംസ്യം രൂപാ ഘൃണാ.തപശ്ച ദൃശ്യതേ യത്ര സഃ ബ്രാഹ്മണ ഇതി സ്‌മൃതഃ .


- മഹാഭാരതം  


സത്യം ➦ മനസ്സ് ,വാക്ക് ,പ്രവൃത്തി എന്നിവകൊണ്ട് സത്യം വിചാരിക്കുകയും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുക.


ദാനം ➦ ദരിദ്രർക്കും അനാഥർക്കും അസമര്ഥർക്കും ധര്മസ്ഥാപനങ്ങൾക്കും അറിവിൻ്റെ പ്രചാരത്തിന് ശക്തിക്കൊത്തു സഹായം നൽകുക.


ക്ഷമ ➦ ആരോടെങ്കിലും തെറ്റ് ചെയ്‌താൽ അവരോട് തെറ്റ് പൊറുക്കാൻ അപേക്ഷിക്കുക.പ്രകോപനത്താൽ തെറ്റ് പൊറുക്കാൻ അപേക്ഷിക്കുക.പ്രകോപനത്താൽ തെറ്റ് ചെയ്യാതിരിക്കുക.


ശീലം ➦ ഉത്തമവും ,സ്നേഹമയവും മധുരവുമായ പെരുമാറ്റം .


അനൃശംസ്യം ➦ ജീവികളോട് ക്രൂരത കാട്ടാതെ സ്നേഹിച്ചു പരിപാലിക്കുക.


രൂപ ➦ തിന്മയോട് ലജ്‌ജാപൂർവം അകന്നു നിൽക്കുക.തിന്മയോട് ഉപേക്ഷ കാട്ടുക.


അഘൃണ ➦ വെറുപ്പ് കാട്ടാതെ സദാ ദയവുകാട്ടുക.


തപസ്സ് ➦ കാലാവസ്ഥ ,സുഖദുഃഖങ്ങൾ ,മാനം ,അപമാനം എന്നിവയോട് ഭേദമില്ലാതെ പ്രതികരിക്കുക.ഭയങ്കര ആപത്തിലും ധര്മമാർഗം വെടിയായ്ക്.


ഉത്തമമനുഷ്യനാകാൻ ഇവയെട്ടും സമാര്ജിക്കണം.ഇവ തനിയേ ഉണ്ടാകുന്നതല്ല.പ്രയത്നിച്ചും അഭ്യസിച്ചും തപം ചെയ്തും ധാരണം ചെയ്യേണ്ടതാണ് .എങ്കിലേ ബ്രാഹ്മണ്യം കിട്ടൂ.


ഭഗവദ് ഗീതയുടെ പതിനെട്ടാം അധ്യായത്തിൽ കൃഷ്ണൻ പറയുന്നത്.



ശമഃ ദമഃ തപഃ ശൗചം ക്ഷാന്തിഃ ആർജവം ഏവ ച ജ്ഞാനം.വിജ്ഞാനം ആസ്തിക്യം ബ്രഹ്മകര്മ സ്വഭാവജമ് 


അർഥം : 


ശമഃ ➦ ശാന്തി 



ദമഃ ➦ മനസ്സിനെ വശത്താക്കുക 


തപഃ ➦ ചൂടും തണുപ്പും സഹിച്ചുകൊണ്ട് ധര്മമാർഗത്തിൽ പ്രവർത്തിക്കുക 


ശൗചം ➦ ശുചിത്വവും പവിത്രതയും 


ക്ഷാന്തിഃ ➦ ക്ഷമ 


ആർജവം ➦  സരളത


ജ്ഞാനം ➦ ഉത്തമമായ അറിവുനേടുക 


വിജ്ഞാനം ➦ പരമാത്മാവ് ,ആത്മാവ് മുതലായ അലൗകിക വസ്തുക്കളെപ്പറ്റി വിശേഷജ്ഞാനം സമ്പാദിക്കുക.


ഇവ ബ്രാഹ്മണരുടെ സ്വാഭാവിക കർമങ്ങളാണ്.


ഇവയില്ലാത്തവരെ ബ്രാഹ്‌മണരെന്നു പറയരുത്.


വേദങ്ങളിലെ പ്രശസ്തമായ സൂക്തമാണ് പുരുഷസൂക്തം.സൂ + ഉക്തം = സൂക്തം.നന്നായി പറഞ്ഞിരിക്കുന്നത് എന്നർഥം.പുരിയിൽ ശയിക്കുന്നയാൾ (പുരത്തിൽ പാർക്കുന്നയാൾ) പുരുഷൻ.ശരീരമാണ് പുരി.പാർക്കാൻ കൊള്ളാവുന്നതാണ് പുരി.അതിൽ ആത്മാവ് വസിക്കുന്നു.അങ്ങനെ ജീവനുള്ള ശരീരത്തിന് പുരുഷൻ എന്ന് പേര് വന്നു.പുരുഷനെ സംബന്ധിക്കുന്ന സൂക്തമാണ് പുരുഷസൂക്തം.ശരീരത്തിൽ ജീവൻ പോലെ ലോകത്തിൽ കാണാൻ പറ്റാത്ത ഒരു ശക്തിയുണ്ട് അതാണീശ്വരൻ.


പുരുഷസൂക്തത്തിൽ മനുഷ്യവർഗത്തെ ഒരു ശരീരത്തോട് ഉപമിച്ചിട്ടുണ്ട്.ആ ശരീരത്തിന്റെ തലയാണ് ബ്രാഹ്മണൻ എന്ന് പറഞ്ഞിരിക്കുന്നു."ബ്രാഹ്മണഃ അസ്യ മുഖമാസീത്" എന്നാണ് വചനം.കണ്ണ് ,നാക്ക് ,ചെവി,മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിങ്ങളിൽ മുഖ്യമായ വാണിയും തലയിലാണ്.തലച്ചോറാണ് ഇന്ദ്രിയങ്ങളെ നടത്തുന്നത്.


ഇന്ദ്രിയങ്ങൾ എന്നതിന് ഇന്ദ്രന്റെ വക എന്നർഥം.ഇന്ദ്രൻ ജീവാത്മാവിന്റെ പര്യായപദമാണ്.ഇന്ദ്രൻ ജോലി ചെയ്യുകയും അറിവ് നേടുകയും ചെയ്യുന്ന സാധനങ്ങളാണ് ഇന്ദ്രിയങ്ങൾ.ജോലി ചെയ്യുന്നവ കര്മേന്ദ്രിയങ്ങൾ.അറിവ് നേടുന്നവ ജ്ഞാനേന്ദ്രിയങ്ങൾ.


കർമേന്ദ്രിയങ്ങൾ ➨ നാക്ക് ,കാല്, കൈ, മലദ്വാരം, മൂത്രദ്വാരം.


ഇവ കൊണ്ട് പറയുക, നടക്കുക, പ്രവർത്തിക്കുക,മലമൂത്രവിസർജനം എന്നിവ ചെയ്യുന്നു.


ജ്ഞാനേന്ദ്രിയങ്ങൾ ➨ നാക്ക് ,കണ്ണ് ,ചെവി ,മൂക്ക് ,ത്വക്ക്.


ഇവ കൊണ്ട് രുചി,രൂപം ,ശബ്ദം ,മണം ,ശീതോഷ്ണങ്ങൾ എന്നിവ അറിയാം.

തലയിൽ ലഭിക്കുന്നതൊക്കെ തല കൈവശം വെക്കാറില്ല.എത്തേണ്ടിടത്ത് എത്തിക്കുന്നു.ഭക്ഷണം വയറ്റിലെത്തിക്കുന്നു.സ്വന്തമായി ഒന്നും സൂക്ഷിക്കാതെ സ്വാര്ഥമില്ലാതെ പ്രവർത്തിക്കുന്ന തല ശരീരത്തിന്റെ മുഖ്യ അവയവമാണ്. ഇപ്രകാരം മനുഷ്യസമൂഹത്തിന്റെ ഉപകാരത്തിന് വേണ്ടി ജീവിക്കുന്നവരാരോ അവരാണ് ബ്രാഹ്മണർ.കഠിനമായ തണുപ്പും, ചൂടും മുഖം സഹിക്കുന്നു. അത് പോലെ സഹനശക്തിയും ബ്രാഹ്മണലക്ഷണമാണ്.


ഇന്നത്തെ ആധുനിക സമൂഹത്തിലെ അധ്യാപകർ ,ശാസ്ത്രജ്ഞർ ,ന്യായാധിപർ ,കളക്ടർമാർ എന്നിവരാണ് ബ്രാഹ്മണർ.


പക്ഷേ ബ്രാഹ്മണർ എന്ന പേരിൽ ജാതി ഉള്ളതായി അറിയാമല്ലോ. വേദസംരക്ഷരാണ് പാരമ്പര്യബ്രാഹ്മണർ. വളരെ ശ്രദ്ധയോടെ ആണ് ബ്രാഹ്മണവംശജർ വേദങ്ങളെ സംരക്ഷിച്ചു പോന്നത്. എന്നാൽ മറ്റു ജാതിയിൽ പെട്ടവർ വേദം പഠിക്കരുത് എന്നവർ നിഷ്കര്ഷിച്ചിരുന്നു. ഇന്നിപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ഏത് ജാതിയിലും മതത്തിലും പെട്ടവർക്ക് വേദശാസ്ത്രങ്ങൾ അഭ്യസിക്കാനാകും.  


ഇന്നും പലരും ജാതി കൊണ്ട് വേദസംരക്ഷകർ, ദാനം അർഹിക്കുന്നവർ എന്നീ വിശ്വാസപ്രമാണം നിമിത്തം സൗജന്യഭക്ഷണം, വരുമാനം കൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നു. ഒരു സമുദായത്തെ കുറ്റം പറയുക അല്ല. രാജസ്ഥാനിലെ ബവേറിയ സമുദായക്കാരിൽ ചിലർ പരമ്പാരാഗതകൊള്ളക്കാരെന്നു വിശ്വസിച്ചു തമിഴ്‌നാട്ടിലും മറ്റും കൊടുംകൊള്ളയും കൊലയും നടത്തി അവരെ പോലീസ് ഓപ്പറേഷൻ ബവേറിയ നടത്തി പിടിച്ചത് ഓർക്കുക. 


മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സൂപ്പർസ്റ്റാർ ആകാൻ അനേകം അനുകൂലസാഹചര്യങ്ങൾ ഉണ്ട്. എന്നാൽ മറ്റാരും ആകരുത് എന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാൻ കഴിയും.

ചായക്കടക്കാരൻ പ്രധാനമന്ത്രിയും കറുത്ത വംശജൻ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിത്വവും ആയത് നാം കണ്ടതാണ്.

ക്ഷത്രിയർ 

ക്ഷതത്തിൽ നിന്ന് ത്രാണനം ചെയ്യുന്നവൻ ക്ഷത്രിയൻ.ക്ഷതം മുറിവാണ്.ത്രാണനം രക്ഷിക്കലും.മുറിവിൽ നിന്ന് രക്ഷിക്കുന്നവൻ ക്ഷത്രിയൻ.സമൂഹത്തിന് മുറിവും ചതവും എല്ക്കുന്നത് മറ്റു സമൂഹങ്ങൾ ആക്രമിക്കുമ്പോഴാണല്ലോ.തമ്മിൽ തല്ലുമ്പോഴും മുറിവേൽക്കും.ആദ്യത്തേതിന് യുദ്ധമെന്നും തമ്മിൽത്തല്ലിന് ആഭ്യന്തരകലാപമെന്നും പറയും.ഇവ രണ്ടിൽ നിന്നും രക്ഷിക്കാൻ ത്രാണിയുള്ളവരത്രേ ക്ഷത്രിയർ.ബലവാന്മാരും ശൂരവീരന്മാരും. സാഹസികരും നിര്ഭയരുമാണ് ക്ഷത്രിയർ.ഭൂമിയെ രക്ഷിക്കുന്നവർ എന്ന് കൂടി ക്ഷത്രിയസംജ്ഞക്ക് അർഥമുണ്ട്.


ക്ഷത്രിയർ കൈകളാണെന്ന് വേദത്തിൽ പറയുന്നു.ശരീരത്തെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നത് ബാഹുക്കളാണ്."ബാഹു രാജന്യഃ കൃതഃ" രാജാവ് അഥവാ ഭരണാധികാരികളാണ് രാഷ്ട്രത്തെ രക്ഷിക്കുന്നത്.അവർക്ക് പാണ്ഡിത്യവും പരോപകാരതല്പരതയും ബലവും ധൈര്യവും ഝടുതിയിൽ പ്രവർത്തിക്കാനുള്ള കഴിവും വേണം.ഈ സ്വഭാവഗുണങ്ങളും കര്മശേഷിയും ഉള്ളവരെയാണ് ക്ഷത്രിയരെന്നു പറയുന്നത്.മന്ത്രിമാർ ,രാജാവ്, പോലീസ് ,പട്ടാളക്കാർ,അഗ്നിശമനസേവാക്കാർ,കളക്ടർ എന്നിവർ ക്ഷത്രിയരാണ്.

വൈശ്യർ 

"വിശതി" എന്ന വാക്കിൽ നിന്നാണ് വൈശ്യൻ എന്ന പേരുണ്ടായത്.ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേയ്ക്ക് പോകുന്നതിനെയാണ് "വിശതി" എന്ന് പറയുന്നത്.കൃഷിക്കും വ്യാപാരത്തിനും ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേയ്ക്ക് പോകുന്നയാളിനെ വൈശ്യൻ എന്ന് വിളിക്കുന്നു.ധനസംബന്ധകാര്യങ്ങൾ ,കൃഷികാര്യങ്ങൾ,ധാർമിക കാര്യങ്ങൾ ,വിവിധ ആചാരങ്ങൾ എന്നിവയെ പറ്റി സാമാന്യം നല്ല അറിവും വിവിധ ഭാഷകൾ സംസാരിക്കാനും ഉള്ള പ്രാവീണ്യവും വൈശ്യന് വേണം.


തുടകൾ ഉൾപ്പടെ ശരീരത്തിൽ ഉള്ള മധ്യഭാഗത്തോടാണ് വൈശ്യനെ വേദത്തിൽ ഉപമിച്ചിരിക്കുന്നത്. "മധ്യം തദസ്യ യദ് വൈശ്യഃ" - അഥർവം 16.1.6.ശരീരത്തിന്റെ മധ്യഭാഗമായ വയറ്റിലാണ് ആഹാരപാനീയങ്ങൾ എത്തുന്നത്.അത് അവിടെ പാകമായി രസമായി രക്തമായി ശരീരത്തിൽ എല്ലാ ഭാഗത്തും എത്തുന്നു.ഉത്പാദനം നടത്തുന്നു.അവ ആവശ്യമുള്ളിടങ്ങളിൽ എത്തിക്കുന്നു.ഇതാണ് വൈശ്യധർമം.

ശൂദ്രർ 

ബുദ്ധിശക്തി കുറഞ്ഞവർ, വിദ്യാഭ്യാസത്തിൽ പിൻനിരക്കാർ , ശോകം ,മോഹം മുതലായ മൂഡലക്ഷണങ്ങൾ ഉള്ളവർ, വയറ്റുപ്പിഴപ്പിനായി ഉഴറുന്നവർ മുതലായവരാണ് ശൂദ്രർ.അവർ ഏത് കുലത്തിൽ പിറന്നവരുമാകട്ടെ."ശൂദ്രർ - ശുചാ ഭവതി ഇതി ശൂദ്രഃ" - ദുഃഖത്തിൽ ദ്രവിക്കുന്നവനത്രേ ശൂദ്രൻ.ഇവരുടെ ജോലി സ്വാഭാവികമായും ദാസ്യവൃത്തിയായിത്തീരുന്നു.ഇവർ ദുരഭിമാനം കൂടാതെ ഏത് പ്രവൃത്തിയും ചെയ്യുന്നു.യഥാർത്ഥത്തിൽ ശൂദ്രരാണ് സമൂഹത്തെ താങ്ങി നിർത്തുന്നതും കൊണ്ടുനടക്കുന്നതും.ഇവർക്കാവശ്യമായത് നൽകി ,സ്‌നേഹപൂർവം പെരുമാറി ,സന്തുഷ്ടരാക്കേണ്ടത് മറ്റുള്ളവരുടെ കർത്തവ്യമാണ്.പെട്ടെന്നു അവിവേകം കാട്ടുന്നവരാകയാൽ ഇവരെ നേർവഴിക്ക് നയിക്കുകയും വേണം.


വേദങ്ങളിൽ ശൂദ്രരെ പാദങ്ങളോട് ഉപമിച്ചിരിക്കുന്നു. "പദ്ഭ്യാംശൂദ്രോ അജായത" - യജുർവേദം 36:11 .ശരീരത്തെ താങ്ങിനിർത്തുന്നതും, കൊണ്ടുനടക്കുന്നതും ശൂദ്രവർണ്ണമാണ്.ശൂദ്രരിൽ സഹനശക്തിയും സേവാശീലവും ഉണ്ടായിരിക്കണം. 


നാല് വർണങ്ങളിൽ പെടാതെ ധർമമോ നിയമങ്ങളോ അനുസരിക്കാതെ മൃഗതുല്യരായി ജീവിക്കുവാൻ ആഗ്രഹിച്ചു അങ്ങനെ ജീവിക്കുന്ന മനുഷ്യരും ഉണ്ട്.അവരെ മനുഷ്യസമൂഹത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കില്ല.പട്ടികജാതി ,പട്ടികവർഗ വിഭാഗമെന്നു സർക്കാർ പറയുന്നവരും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന അവശത അനുഭവിക്കുന്നവരാരും പഞ്ചമരോ മ്ലേച്ഛരോ അല്ല.അവരിലും ഗുണകർമസ്വഭാവമനുസരിച്ചു ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രരുണ്ട്.


ലോകത്തിൽ എവിടെയെല്ലാം മനുഷ്യരുണ്ടോ അവിടെയെല്ലാം ഈ നാല് കൂട്ടരും ഉണ്ട്.അറിവും ബുദ്ധിയും പ്രയോഗിക്കുന്നവരാണ് ബ്രാഹ്മണർ.ബലപ്രയോഗത്തിൽ സമർത്ഥൻ ക്ഷത്രിയൻ.ധനധാന്യങ്ങളുടെ കാര്യങ്ങൾ നോക്കാൻ സമർത്ഥൻ വൈശ്യൻ, കഷ്ടപ്പെട്ട് സേവനം ചെയ്യുന്നവൻ ശൂദ്രൻ.ഇതാണ് നാലായി വിഭജിച്ചിരിക്കുന്നതിന്റെ അർഥം.


യജുർവേദത്തിൽ "ബ്രഹ്മണേ ബ്രാഹ്മണമ്. ക്ഷത്രായ രാജന്യമ്. മരുദ്ഭ്യോ വൈശ്യമ്. തപസേ  ശൂദ്രമ്." എന്ന് യജുർവേദത്തിലെ 30 ആം അധ്യായം 4 ആം മന്ത്രത്തിൽ പറയുന്നു.


തല കൊണ്ട് നടക്കാൻ കഴിയുമോ? കാലിന് ആലോചിക്കാൻ കഴിയുമോ? ആഹാരം ദഹിപ്പിക്കാൻ കൈക്ക് കഴിയുമോ? വയറ് കൊണ്ട് ശത്രുവിനെ അടിക്കാനാകുമോ?മനുഷ്യസമൂഹം ഒരു ശരീരമാണ്.കൈയും കാലും തലയും വയറും സഹകരിച്ചു ശരീരം പോലെ നിൽക്കണം.അതാണ് സമൂഹമെന്ന ശരീരം.ഞാൻ കേമൻ ,നീ നീചൻ എന്ന് വിചാരിക്കാതെ അന്യോന്യം സഹകരിക്കാൻ ഉപമ സഹായിക്കും.ശരീരത്തിലെ അവയവങ്ങളെപ്പോലെ സമൂഹത്തിലെ വർണങ്ങളും പരസ്പരം സഹകരിച്ചു നിലനിൽക്കണം.

ജാതിവ്യവസ്ഥയും വർണവും 

വർണവും ജാതിയും ഒന്നല്ല.മനുഷ്യരിൽ ഒരു ജാതിയും രണ്ടു ഉപജാതികളും മാത്രമേ ഉള്ളൂ. മനുഷ്യൻ എന്ന ജാതി, ആണ് ,പെണ്ണ് എന്നീ ഉപജാതികൾ. കാഴ്ചയിൽ തിരിച്ചറിയാവുന്നതായിരിക്കണം ജാതി. മനുഷ്യജാതിയെ കണ്ടാൽ അറിയാം. ആൺപെൺ ഭേദവും ആകൃതി കൊണ്ടറിയാം.നപുംസകം ലിംഗമാണ്. ജാതിയല്ല.


ന്യായദർശനം എഴുതിയ ഗൗതമമഹാഋഷിയാണ് ഇക്കാര്യം പറഞ്ഞത്.

"ആകൃതിഃ ജാതി ലിങ്ഗ്യാഖ്യാ". 

- ന്യായദര്ശനം 2-2-70


ആകൃതിയാണ് ജാതിയുടെ ചിഹ്നം എന്നദ്ദേഹം പറഞ്ഞു.


ഈ ജാതി മാറ്റാൻ ആർക്കും കഴിയില്ല. കുതിര കഴുതയാകില്ല. മനുഷ്യൻ കരടിയാകുകയില്ല. ജന്മം കൊണ്ടാണ് ജാതി തിരിച്ചറിയാവുന്നത്. നായ, പൂച്ച, പശു,പക്ഷി,പാറ്റ,പുലി ഇവയെല്ലാം ജന്മം കൊണ്ട് അതാതിന്റെ ജാതിയിൽ പെടുന്നു.അതിനു മാറ്റം ഉണ്ടാവുകയേ ഇല്ല.


ബ്രാഹ്മണർ ,ക്ഷത്രിയർ ,വൈശ്യർ ,ശൂദ്രർ എന്നിവരെ കണ്ടാൽ ഇത് പോലെ തിരിച്ചറിയാനാവില്ല.കാരണം പുറമെ ഉള്ള വേഷം കൃത്രിമമാണ്.അസ്സലല്ല.ശൂദ്രകുലമെന്ന് ആളുകൾ പറയുന്ന കുലത്തിൽ ജനിച്ചയാളിന് ബ്രാഹ്മണൻ ആകാം.അയാൾ വിദ്വാനും ,ധർമാത്മാവും,സദാചാരിയും ,ത്യാഗിയും, തപസ്‌വിയുമായി അദ്ധ്യാപകൻ ,ഉപദേഷ്ടാവ് മുതലായ ജോലി സ്വീകരിച്ചാൽ അയാൾ ബ്രാഹ്മണനാണ്.അത് പോലെ ബ്രാഹ്മണകുലമെന്ന് ജനങ്ങൾ പറയുന്ന കുലത്തിൽ ജനിച്ചു വിദ്യയില്ലാതെ ,അധർമിയും ,ദുരാചാരിയും, സ്വാർഥിയും ഒക്കെയായി കഴിയുന്നയാൾ മ്ലേച്ഛനാണ്.


ഇതൊന്നും പൊതുസമൂഹം അംഗീകരിക്കുക ഇല്ല എന്നത് സത്യമാണ്.പക്ഷെ വ്യാസമഹാഋഷിയെ പറ്റി കേട്ടിട്ടുള്ളവരും ,അദ്ദേഹത്തെ ബഹുമാനിക്കുന്നവരും അദ്ദേഹം പറഞ്ഞത് ശരിയായിരിക്കും എന്ന് വിശ്വസിക്കുന്നവരും ആയവർ അംഗീകരിക്കാൻ ഒരു സാധ്യത അവശേഷിക്കുന്നുണ്ട്.


മഹാഭാരതം വ്യാസമഹര്ഷിയുടേതാണല്ലോ.അതിൽ ഭൃഗുവും ധര്മപുത്രരും യക്ഷനോട് പറയുന്നതിങ്ങനെയാണ്.


"സത്യം ,ദാനം, ക്ഷമ ,സൽസ്വഭാവം മുതലായ ലക്ഷണങ്ങൾ ബ്രാഹ്മണകുലത്തിൽ പിറന്നവന് ഇല്ലെങ്കിൽ അയാൾ ബ്രാഹ്മണനല്ല.ശൂദ്രകുലത്തിൽ പിറന്നവന് ഉണ്ടെങ്കിൽ അവൻ ശൂദ്രനല്ല.ആ ലക്ഷണങ്ങൾ ഉള്ളവൻ ബ്രാഹ്മണനും ഇല്ലാത്തവൻ ശൂദ്രനുമാണ്.ജന്മം കൊണ്ടോ ,കുടുംബമഹിമകൊണ്ടോ ആരുമാരും ശ്രേഷ്ഠനോ ,ബ്രാഹ്മണനോ ആകുന്നില്ല പ്രവൃത്തികൊണ്ടേ ശ്രേഷ്ഠതയുണ്ടാകൂ. ചണ്ഡാലകുലത്തിൽ പിറന്നയാൾക്ക് സദ്ഗുണങ്ങളുണ്ടെങ്കിൽ അയാൾ ബ്രാഹ്മണനാണ്.മനുസ്‌മൃതിയിൽ പറയുന്നത് നോക്കുക."ശൂദ്രകുലത്തിൽ പിറന്നയാൾക്ക് ബ്രാഹ്മണനാകാം.ബ്രാഹ്മണൻ ശൂദ്രനുമാകാം.ഇത് പോലെ ക്ഷത്രിയ വൈശ്യകുലങ്ങളിൽ പിറന്നവർക്കും ഗുണം ,കർമം എന്നിവ കാരണം പരിവർത്തനം വരും."


ഇതിന് പല ഉദാഹരണങ്ങളും പറയാനാകും.വിശ്വാമിത്രൻ ക്ഷത്രിയകുലത്തിൽ പിറന്നെങ്കിലും തപസ്സും വിദ്യയും കൊണ്ടു ബ്രാഹ്മണനായി.വസിഷ്ഠൻ ഏറ്റവും താഴേക്കിടയിലുള്ള ഒരു സ്ത്രീയുടെ മകനായി ജനിച്ചു വലിയ മഹർഷിയായി, സൂര്യവംശ രാജാക്കന്മാരുടെ കുലഗുരുവുമായി.വേദവ്യാസന്റെ പിതാവ് പരാശരമഹര്ഷി ചണ്ഡാലിയുടെ പുത്രനായിരുന്നു.വേദവ്യാസന്റെ അമ്മ മുക്കുവസ്ത്രീ ആയിരുന്നു.കണ്വന്റെയും കശ്യപന്റെയും ഉപദേശം കേട്ട് മിത്രദേശത്തിലെ (ഇന്നത്തെ ഈജിപ്ത്) ആയിരക്കണക്കിന് മ്ലേച്ചന്മാർ ബ്രാഹ്മണരായെന്ന് ഭവിഷ്യപുരാണത്തിൽ കാണാം - 3.4.20.ഇത്പോലെ തിരിച്ചും ഉണ്ടായിട്ടുണ്ട്.പൃഷധ്രനെന്ന ക്ഷത്രിയനെ ഗുരുവധം ,ഗോവധം എന്നിവ നിമിത്തം ശൂദ്രനാക്കി തരം താഴ്ത്തിയതായി മാർക്കേണ്ഡേയപുരാണത്തിൽ പറയുന്നു - 11.2.25.ശൗനകൻ, അങ്ഗിരാ എന്നീ ഋഷിമാരുടെ പുത്രന്മാരിൽ ചിലർ ക്ഷത്രിയരും ചിലർ വൈശ്യരും ചിലർ ശൂദ്രരുമായതായി വായുപുരാണത്തിലുണ്ട്. ബ്രാഹ്മണ ക്ഷത്രിയാദികൾ ജാതികളായിരുന്നെങ്കിൽ ഇതെങ്ങനെ നടക്കും? ജാതി മാറുകയില്ലല്ലോ?


ഗുണകർമ സ്വഭാവങ്ങളെ ആശ്രയിച്ചുള്ള വര്ണവ്യവസ്ഥക്ക് പകരം ജാതിഭേദം വന്നതുകൊണ്ട് വളരെ അധികം ദോഷം ഭാരതത്തിൽ ഉണ്ടായി.ഭാരതത്തിന്റെ അധഃപതനങ്ങൾക്ക് എല്ലാം കാരണം ജാതിഭേദമായിരുന്നു.ജാതി പറഞ്ഞും, വർഗം പറഞ്ഞും, പരസ്പരം കലഹിച്ചും,ജാതിമേന്മ നടിച്ചും ഭാരതീയർ അശക്തരായി.വിദേശാധിപത്യം വന്നു കൂടി.സ്വാമി ദയാനന്ദ സരസ്വതിയും മഹാത്മാ ഗാന്ധിജിയും പറയുന്നത് കേട്ട് ജാതിഭേദം മറക്കുവാനെങ്കിലും തയ്യാറായപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടി.ഇനിയും ഈ ജാതിഭൂതം നമ്മെ വിട്ട് മാറിയിട്ടില്ല.അത് വളരെ ശക്തിയായി നമ്മെ വീണ്ടും ആവേശിച്ചിരിക്കുകയാണ്.ഇത് നാശത്തിന് കാരണമാകും.സംശയമില്ല.അതിനാൽ ജാതിഭൂതത്തെ നമ്മുടെ മനസ്സിൽ നിന്ന് നമ്മുക്ക് ഓടിച്ചുകളയാം. 

വർണ്ണവ്യവസ്ഥയുടെ ഇന്നത്തെ പ്രസക്തി 


യാതൊരു പ്രസക്തിയുമില്ല. ഇന്ന് കഴിവും അധ്വാനവും അല്പം ഭാഗ്യവുമുണ്ടെങ്കിൽ ആർക്കും ഏത് മേഖലയിലും എത്തിപ്പെടാനും ശോഭിക്കുവാനും സാധിക്കും. ജാതിഭ്രാന്ത് കഴിഞ്ഞ കാലത്തെ വിഴുപ്പുകെട്ടാണ്. അത് ഇന്നും ചുമന്നു കൊണ്ട് നടക്കേണ്ട ആവശ്യമില്ല. പുസ്തകങ്ങളിൽ ഉയർന്ന ആശയങ്ങൾ എഴുതിവെച്ചിട്ടുണ്ടെങ്കിലും വംശീയത പ്രാചീനഭാരതം വളരെ പ്രാധാന്യം കൊടുത്തതാണ്. ശ്രീകൃഷ്ണന്റെ കാലത്ത് അടിമകൾ ഉണ്ടായിരുന്നു. ശ്രീകൃഷ്ണൻ യുധിഷ്ഠിരനെ സന്ദർശിക്കുമ്പോൾ സമ്മാനം എന്ന നിലയിൽ അടിമകളെ ദാനം ചെയ്തതായി മഹാഭാരതത്തിൽ പറയുന്നുണ്ട്. 1812ൽ റാണി ഗൗരി ലക്ഷ്മിഭായ് എന്ന തിരുവതാംകൂർ ഭരണാധികാരി ആണ് അടിമക്കച്ചവടം തിരുവിതാംകൂറിൽ നിരോധിച്ചത്. 1962 ലാണ് സൗദി അറേബ്യാ എന്ന രാജ്യം അടിമവ്യാപാരം നിരോധിച്ചിരിക്കുന്നത്.


ഇന്നുള്ളത് modern slavery ആണ്. ആധുനിക അടിമത്തം എന്നാൽ ഇഷ്ടമില്ലാതെ ബന്ധനസ്ഥനാക്കി തുച്ഛമായ ശമ്പളം കൊടുത്തു ജോലി ചെയ്യിക്കുക എന്നതാണ്. വിവാഹം, വേശ്യാലയങ്ങൾ , ഫാക്ടറികൾ, ഖനികൾ തുടങ്ങി പലയിടത്തും ഇന്നുമിതുണ്ട്. ഇന്നത്തെ ഐടി ജീവനക്കാർ പലരും ആഗോളഭീമന്മാർക്ക് വേണ്ടിയുള്ള വൈറ്റ്കോളർ അടിമകളാണ്. 



Note: ഈ അധ്യായത്തിൽ ആർഷസമീപനം പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശം. ജാതീയത കൊടികുത്തിനിൽകുന്ന ഹിന്ദുസമാജത്തിനെ വെള്ളപൂശി താത്വിക വ്യാഖ്യാനം ചമയ്ക്കലല്ല. ജാതീയതയെ പൂർണമായി ഉപേക്ഷിക്കാതെ ഹിന്ദു സമാജത്തിന് മുന്നോട്ട് ഒരു രക്ഷയില്ല. 

പഠിക്കേണ്ട വേദമന്ത്രം 

ഓം യേ സമാനാഃ സമനസോ ജീവാ ജീവേഷു മാമകാഃ.

തേഷാ⍦ശ്രീര്മയി കല്പതാമസ്മി⍦ലോകേ ശത⍦സമാഃ..


(യജുർവേദം 19.46)


ഋഷിഃ - വൈഖാനസഃ ; ദേവതാ - ശ്രീ. ഛന്ദഃ - അനുഷ്ടുപ്. സ്വരഃ - ഗാന്ധാരഃ 


അർഥം: യേമാമകാഃ = എൻ്റെ ആചാര്യന്മാർ , ജീവാഃ - ജീവിച്ചിരിക്കവേ ,സമനസഃ = ധർമം ,ഈശ്വരൻ ,സർവഹിതം = എന്നിവയിൽ നിരതരായിരിക്കവേ , സമാനാഃ = വിദ്യാപ്രചാരത്തിൽ യഥായുക്തം പരിശ്രമിക്കവേ , ജീവേഷു = ഉപദേശാദികൾ ചെയ്യുന്നതിനും എല്ലാ വിദ്യകളും അഭ്യസിക്കുന്നതിനും യോഗ്യരും ചതിവും വഞ്ചനയും ഇല്ലാത്തവരുമായ ആ വിദ്വാൻമാർ , തേഷാ(ങ്) = അവരുടെ ശ്രീയെ അഥവാ ശ്രേഷ്ഠഗുണയുക്തയും ശോഭയുക്തയുമായ രാജലക്ഷ്മിയെ എനിക്ക് വേണ്ടി, അസ്മി⍦ലോകേ ശത⍦സമാഃ = നൂറ് വർഷത്തേക്ക് സ്ഥിരമായി നൽകണം.തദ്വാരാ സുഖത്തെ നേടി ഞാൻ പുരുഷാർഥം ചെയ്യുമാറാകണം.


ഭാവാർഥം: - ധർമം ,ഈശ്വരൻ ,സർവഹിതം ,പുരുഷാർഥം എന്നിവയെ സംബന്ധിക്കുന്ന ജ്ഞാനം മനസ്സുകൊണ്ടും ആ ജ്ഞാനത്തിന് വിരുദ്ധമാകാത്ത കർമം ശരീരം കൊണ്ട് ചെയ്യുന്ന മാനവൻ ധർമസ്വരൂപി ആകുന്നു.ആശ്രിതമായ ആ ധർമം അവനെ വാക്കിൻെറ അപൗരുഷേയ ബോധത്തിലേക്ക് നയിക്കുന്നു.പവിത്രമായ അനുഭവത്തിൽ സാമയോഗം അനുഷ്ഠിക്കുന്ന മനുഷ്യൻ ഈ ഭൂമിയിൽ ശ്രീമാനായി ജീവിതം മുഴുവൻ സുഖം അനുഭവിച്ച് തൻ്റെ പുരുഷാർഥത്താൽ ആനന്ദമയ ലോകത്തേ കല്പാന്തകാലത്തേക്ക് പ്രാപിക്കുന്നു.


Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya