വൈദികധർമ്മ സിദ്ധാന്തങ്ങൾ - Chapter 8 - Hindu Dharma Parichaya




അദ്വൈതം - രണ്ടില്ലാത്തത്

ഈശ്വരൻ ഉണ്ട്.ഒരു ഈശ്വരനേ ഉള്ളൂ എന്നതാണ് വൈദികധര്മത്തിലെ ഒന്നാമത്തെ ശിക്ഷണം.അഗ്നി , ഇന്ദ്രൻ ,വരുണൻ ,ശിവൻ ,ശിവൻ മുതലായ അനവധി ദേവന്മാരുണ്ട് എന്ന് പറയുന്നത് ശരിയല്ല.അവയെല്ലാം ഈശ്വരൻെറ പര്യായപദങ്ങളാണ്.വിവരമുള്ളവർ ഒരാളെ തന്നെ പല പേരിട്ട് വിളിക്കും.കൃഷ്ണൻ എന്ന ഒരാളെ കോടതിയിൽ വക്കീലെന്നും നാട്ടിൽ കണ്ണൻ എന്നും വിളിക്കും.ഭാര്യക്ക് വക്കീലുമല്ല ,കൃഷ്ണനുമല്ല ഭർത്താവാണ്.മക്കൾക്ക് അച്ഛനാണ്.അമ്മക്ക് മകനാണ്.ഓരോ ഗുണത്തിനും കര്മത്തിനും സ്വഭാവത്തിനും അനുസരിച്ചു പേര് മാറും എങ്കിലും ആള് ഒരാൾ തന്നെ.


അഗ്നി ➨ അഗ്രണി ,മുമ്പൻ എന്നത് കൊണ്ട് ഈശ്വരൻെറ പേരാണ്.


മിത്രൻ ➨ എല്ലാവരുടെയും മിത്രം


വരുണൻ ➨ എല്ലാവര്ക്കും വരണീയൻ


രുദ്രൻ ➨ എല്ലാ ദുഷ്ടന്മാരെയും കരയിപ്പിക്കുന്നവൻ


ശങ്കരൻ / ശിവൻ ➨ സർവ്വർക്കും മംഗളം നൽകുന്നവൻ


ബ്രഹ്മം ➨ ഏറ്റവും ബൃഹത്തായത്


സരസ്വതി ➨ വിദ്യാപ്രവാഹം


ദുർഗ ➨ ദുഷ്ടന്മാർക്ക് ദുർഗമമാണ് ഈശ്വരൻ


ഈശ്വരൻ ➨ ഐശ്വര്യദായകനായത് കൊണ്ട് ഈശ്വരൻ എന്ന് വിളിക്കുന്നു.


ഈശ്വരൻെറ പ്രധാനനാമമാണ് ഓം (മൂന്ന് മാത്ര നീട്ടി ചൊല്ലണം )


ഓരോന്നിനും രൂപമുണ്ടാക്കി ആരാധിക്കാറുണ്ട് മനുഷ്യർ.എന്നാലും അവ അംശമേ ആകുന്നുള്ളൂ.അതിനാൽ പ്രതിമ ഉണ്ടാക്കി രൂപം ആരാധിക്കുന്നത് ഈശ്വരാരാധന ആകുന്നില്ല.ശ്രീരാമനും ശ്രീകൃഷ്ണനും ഈശ്വരനാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങൾ അവരെ ആരാധിക്കാറുണ്ട്.ഇരുവരും ഈശ്വരാരാധന ചെയ്‌തെന്ന് പുരാണേതിഹാസങ്ങളിൽ ഉണ്ട്.ഉന്നതകോടിയിൽ നിൽക്കുന്ന മഹാപുരുഷന്മാരായ അവർ സംപൂജ്യരാണ്.


അച്ഛനമ്മമാരെ നാം പൂജിക്കുന്നത് ഹൃദയം കൊണ്ടാണ്.സഹോദരന്മാരെ പൂജിക്കുന്നത് അച്ഛനമ്മമാർ ഇഷ്ടപ്പെടുമല്ലോ.ഈശ്വരസൃഷ്ടിയിലുള്ള സർവ്വതിനേയും സഹോദരഭാവത്തിൽ കാണണം.'നല്ലത് ചെയ്തു ആനന്ദം പ്രാപിക്കുക ' സ്വകര്മണാതമഭ്യര്ച്ച സിദ്ധിം വിന്ദതി മാനവഃ - ഗീത 18.36 എന്ന് ശ്രീകൃഷ്ണൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്.പുറമെ പരാമഭക്തനെന്ന് നടിച്ചിട്ട് മഹാകള്ളനും ,അക്രമിയും ,നികുതിവെട്ടിപ്പുകാരനും ആയിരിക്കുന്നത് ഈശ്വരവഞ്ചനയാണ്. അതിനാൽ നാം കപടഭക്തരാകരുത്.


ബ്രഹ്‌മാണ്ഡം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തിവിശേഷമാണ് ഈശ്വരൻ.ഒരു ചെറിയ സ്ഥലമായ ക്ഷേത്രം ഈശ്വരൻെറ വീടും ഈശ്വരൻ അതിനുള്ളിൽ മാത്രം ഇരിക്കുന്ന ഒരാൾ എന്നും ധരിക്കരുതേ.ക്ഷേത്രത്തിൽ പോകുന്നതും ആരാധന നടത്തുന്നതും ചെയ്യുന്നത് എന്തിനാണെന്ന് മനസിലാക്കാതെ യാന്ത്രികമായി എല്ലാവരും ചെയ്യുന്നത് കണ്ടു അനുകരിച്ചിട്ട് ഒരു പ്രയോജനവുമില്ല.മനുഷ്യൻ ഈശ്വരാരാധനക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ദേവാലയം ആണ് ക്ഷേത്രം.ഈശ്വരാരാധന എന്നാൽ അമ്പലത്തിൽ പോകുന്നത് മാത്രമല്ല.അത് മാത്രമറിയുന്നവർ അത് ചെയ്തുകൊള്ളട്ടെ.വീട്ടിലിരുന്ന് എല്ലാ കുടുംബാംഗങ്ങളും ചേർന്ന് പ്രാര്ഥിക്കുന്നതാണ് ഏറ്റവും പ്രധാനം.എല്ലാ വീട്ടിലും കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നിരുന്നു ഈശ്വരനെ പ്രാർത്ഥിക്കണം.ഇത് രാവിലെയും വൈകിട്ടും ചെയ്യണം.


ഒറ്റക്കൊറ്റക്ക് ക്ഷേത്രത്തിൽ പോയി സ്വന്തം നന്മ മാത്രം പ്രാർത്ഥിക്കുന്നത് കൊണ്ട് സ്വാർത്ഥത വർദ്ധിക്കും.ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ പോലും സഹകരണം ഇല്ലാതെ ആയിത്തീരുന്നു.ക്ഷേത്രങ്ങൾ സാമൂഹ്യപ്രാർഥനക്കും സുന്ദരകലകളുടെയും ധര്മത്തിൻെറയും സംരക്ഷണത്തിൻെറ കേന്ദ്രങ്ങളായി മാറണം.ഇത് നടക്കുന്ന കാര്യമാണ്.കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തണം.എങ്കിലേ നിലനിൽപ്പുള്ളൂ.


എല്ലാ മനുഷ്യരേയും സഹോദരങ്ങളായി കാണണം.ഈശ്വരനെ മാതാവും പിതാവുമായി കരുതി എല്ലാവരുടെയും നന്മക്ക് വേണ്ടി പ്രയത്നിക്കണം.ഉച്ചനീചത്വം പാടില്ല.തീണ്ടലും തൊടീലും പാടില്ല.ഇവയാണ് രണ്ടാമത്തെ ശിക്ഷണം.


നാം ചെയ്യുന്നതിൻെറ ഫലം നാം തന്നെ അനുഭവിക്കുന്നു എന്നതാണ് മൂന്നാമത്തെ ശിക്ഷണം.നന്മ ചെയ്‌താൽ സുഖവും തിന്മ ചെയ്‌താൽ ദുഃഖവും അനുഭവിക്കണം,ഇതിന് നീക്കുപോക്കില്ല.ഒരു ജ്യോതിഷനോ മന്ത്രവാദിക്കോ സിദ്ധനോ കർമഫലത്തിൽ മാറ്റം വരുത്താനാകില്ല.ഉദരനിമിത്തം പലവിധ വേഷം കെട്ടുന്നു എന്ന് മാത്രം.


ചീത്ത ചെയ്യുന്നവർക്ക് നല്ല കാലമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം.സൂക്ഷ്മമായി ചിന്തിക്കുക.തിന്മ ചെയ്തു താൽകാലികസുഖം അനുഭവിക്കുന്നവർ പിന്നീട് വളരെ ദുഃഖിക്കുകയും കഷ്ടപ്പെടുകയും ചെയ്യും.ഈശ്വരൻ ന്യായകാരിയാണ്.കള്ളവും ചതിയും നീണ്ടുനിൽക്കില്ല.ഒരു ദിവസം കള്ളി വെളിച്ചത്താവും.സത്യമേ ജയിക്കൂ.അതാണ് "സത്യമേവ ജയതേ നാനൃതം" -സത്യമേ ജയിക്കൂ ,അസത്യം ജയിക്കില്ല എന്ന് ഋഷി പാടിയത്.അതിനാൽ സത്യത്തിൻെറ വഴി വെടിയരുത്.ചില കർമങ്ങളുടെ ഫലം ഉടനെ കിട്ടും.ഭക്ഷണം കഴിച്ചാൽ വിശപ്പ് മാറും.പത്ത് വർഷം പഠിച്ചാൽ മാത്രമേ പത്താം ക്ലാസ് പാസാവാൻ പറ്റൂ.വൃക്ഷത്തൈ നട്ടാൽ വർഷങ്ങൾ കഴിഞ്ഞു അത് വെട്ടി തടി എടുക്കാം.പുണ്യം ചെയ്‌താൽ അതിന് ഫലം ഉണ്ട് .ചെയ്ത സംതൃപ്തി ഉടനേ കിട്ടും.മറ്റു ഫലങ്ങൾ ക്രമേണ മാത്രമേ കിട്ടൂ.മരിച്ചു പോയാലും ആ ഫലം കിട്ടും.ആത്മാവിന് മരണമില്ല.മറ്റൊരു ശരീരത്തിൽ ഇരുന്നും ആ ഫലം അനുഭവിക്കാം.പല ജന്മങ്ങളിൽ ഇരുന്ന് ഫലം അനുഭവിക്കുന്നത് ഒരു ആത്മാവ് തന്നെയാണ്.കഴിഞ്ഞ ജന്മം ഓർക്കാൻ കഴിയാത്തത് ഈശ്വരാനുഗ്രഹം ആണ്.ഓർത്താൽ ദുഃഖിക്കും.കഴിഞ്ഞ ജന്മത്തിലെ പത്നിയെ ചിലപ്പോൾ റോഡിൽ വെച്ച് കണ്ടു എന്ന് വരാം.ഓർമ ഉണ്ടായാൽ നാം കാട്ടുന്ന ചേഷ്ടകൾ കണ്ടു ഈ ജന്മത്തിലെ പത്നി കലഹം കൂടി എന്നും വരാം.അത് കൊണ്ട് മറവി ഒരനുഗ്രഹമാണ്.ജീവിതം ഒരൊഴുക്കാണ്.കഴിഞ്ഞ ജന്മം നാം മറന്നു പോയി എന്നത് കൊണ്ട് അതില്ലാതാകുന്നില്ല.കഴിഞ്ഞ വർഷം ഈ ദിവസം നാം എന്ത് ചെയ്തു എന്ന് ഇന്ന് നമുക്ക് ഓർമ്മയുണ്ടോ ?അപ്പോഴാണ് കഴിഞ്ഞ ജന്മത്തെ കാര്യം.
നമുക്ക് അനേകം ജന്മങ്ങളുണ്ട്

ജീവാത്മാവ് , പരമാത്മാവ് ,പ്രകൃതി എന്നിങ്ങനെ മൂന്ന് ആദിയും അന്തവും ഇല്ലാത്ത അനശ്വര തത്വങ്ങൾ ഉണ്ട്.അനശ്വരമെന്നാൽ നാശമില്ലാത്തത്.നാശമില്ലാത്തതിന് ഉത്പത്തിയുമില്ല.ഉല്പത്തി ഉള്ളതിനെല്ലാം നാശവുമുണ്ട്.പ്രകൃതിയാണ് ശരീരം.ശരീരത്തിലെ ചൈതന്യമാണ് ജീവാത്മാവ്. ജീവാത്മാവിലും പ്രകൃതിയിലും പരമാത്മാവ് വ്യാപിച്ചിരിക്കുന്നു.പ്രകൃതി ജഡവസ്തുവാണ്. ജീവാത്മാവും പരമാത്മാവും ചൈതന്യവും.പരമാത്മാവ് ഇല്ലാത്ത സ്ഥലമില്ല.അതിനാൽ പരമാത്മാവിനെ സർവവ്യാപിയെന്ന് വിളിക്കുന്നു.സർവവ്യാപിയായ പരമാത്മാവ് ജീവാത്മാവിൻെറ എല്ലാ പ്രവൃത്തിയും കർമങ്ങളും അറിഞ്ഞുകൊണ്ടേ ഇരിക്കുന്നു.ചൂട് ,തണുപ്പ്, സുഖം, ദുഃഖം ,വിശപ്പ്, ദാഹം, ആനന്ദം,സന്തോഷം,രാഗം,ദ്വേഷം, ഈർഷ്യ ,വെറുപ്പ് ,സ്നേഹം എന്നിവയെല്ലാം ജീവാത്മാവിനാണ് ഉണ്ടാകുന്നത്.അത് പോലെ എല്ലാ പ്രവൃത്തികളും കർമങ്ങളും ജീവാത്മാവാണ് തൻ്റെ അറിവിനൊത്തു ചെയ്യുന്നത്.അതിന് ആൺപെൺ ഭേദമില്ല.കർമം ചെയ്യുക ,കർമഫലം അനുഭവിക്കുക, കർമങ്ങളിൽ നിന്ന് മോചിച്ചു പരമാത്മാവുമായി ചേരുക എന്നിവ ജീവാത്മാവിൻെറ സ്വഭാവമാണ്. ഇത് ഇടതടവില്ലാതെ സദാ തുടർന്നുകൊണ്ടിരിക്കും.കർമം ചെയ്യാൻ ജീവാത്മാവ് എപ്പോഴും സ്വതന്ത്രനാണ്.ആരും അതിനെ നിയന്ത്രിക്കുന്നില്ല.എന്നാൽ ചെയ്ത കർമത്തിൻെറ ഫലം നൽകുന്നത് ഈശ്വരനാണ്.അത് കുറവും കൂടുതലും ഇല്ലാതെ ന്യായകാരിയായ പരമാത്മാവ് നൽകും.രാഷ്ട്രത്തിലെ വ്യവസ്ഥ പോലെയാണിത്.രാജ്യത്ത് നിയമമുണ്ട്.ഏതൊരാളിനും അയാളുടെ ഇഷ്ടം പോലെ ചെയ്യാം.രോഗിക്ക് രക്തം ദാനം ചെയ്യാം.ഒരാളിനെ കുത്തിക്കൊല്ലാം.രണ്ടിനും അതാതിന്റെ ഫലം കിട്ടും. രക്തം ദാനം ചെയ്തതിന്റെ ഫലം ചിലപ്പോൾ എന്താണെന്ന് അറിയാതെ വരും.എന്നാൽ കുത്തിക്കൊന്നാൽ പോലീസ് പിടിച്ചു കോടതിയിൽ കൊണ്ട് പോകും.കോടതി തൂക്കിക്കൊല്ലാനോ ജീവപര്യന്തം തടവിനോ ശിക്ഷിക്കും.പോലീസ് പിടിച്ചില്ല എന്ന് വരാം.എന്നാലും ഈശ്വരൻെറ നിയമത്തിന് വിധേയമായി ശിക്ഷ അനുഭവിച്ചേ തീരൂ. ചിലപ്പോൾ കുരുടനായോ മുടന്തനായോ വീണ്ടും ജനിക്കും.ഒരു കുറ്റത്തിന് ഒരു ശിക്ഷയേ ഉള്ളൂ.മനുഷ്യന്റെ കോടതിയിൽ ശിക്ഷ കിട്ടിയില്ലെങ്കിൽ ഈശ്വരന്റെ കോടതിയിൽ കിട്ടും.ഇതാണ് കർമചക്രം.ചിലർ നല്ല ചിത്രകാരന്മാരായി ജനിക്കുന്നു. ചിലർ പാട്ടുകാരായി.ചിലർ ബുദ്ധിമാന്മാരായി, ചിലർ ശക്തരായി, ചിലർ ധനവാന്മാരായി , ചിലർ ദരിദ്രരായി എന്നുവേണ്ട ,വിവിധതരം ജീവികൾ വിവിധ തരത്തിൽ ജനിക്കുന്നു. ഇതെല്ലാം ഓരോരുത്തനും അർഹിക്കുന്നത് മാത്രമാണ്.ഇത് തുടർന്നു കൊണ്ടേയിരിക്കും.


അവനവൻെറ കർമഫലം അനുഭവിച്ചാൽ മാത്രം പോരാ. മറ്റുള്ളവരേയും നാം സഹായിക്കണം. നമുക്ക് നന്മ ചെയ്യാനുള്ള സന്ദർഭങ്ങളാണ് മറ്റുള്ളവരുടെ ദുരിതങ്ങളിൽനിന്നു കിട്ടുന്നത്.അവരെ സഹായിക്കുമ്പോൾ നമുക്ക് പുണ്യം കിട്ടുന്നു. ഈശ്വരനുമായി കൂടുതൽ അടുക്കുവാൻ കഴിയുന്നു.


ആത്മാവ് ഏതെങ്കിലും ഒരു ജീവിയായി പുനർജനിക്കും മരണശേഷം. ഈശ്വരന് എല്ലാ ജീവികളും സമന്മാരാണ്.കൃമികീടങ്ങളും മനുഷ്യരും സമന്മാർ. ഇവയിൽ ഏറ്റവും കൂടുതൽ അറിവുള്ളവർ മനുഷ്യരാണ്.സ്‌കൂളിലെ പ്രധാന അധ്യാപകന് സ്‌കൂളിലെ ഒന്നാം ക്ലാസു മുതൽ ഉയർന്ന പത്താം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾ ഒരുപോലെ ആണെങ്കിലും അദ്ദേഹം നേരിട്ട് ക്ലാസ് എടുക്കുന്നത് പത്താം ക്ലാസിൽ ആയിരിക്കും. അത് പോലെ മനുഷ്യർക്ക് ഈശ്വരൻ ജ്ഞാനം നേരിട്ട് പകർന്നു നൽകിയിരിക്കുന്നു.ഋഷിമാരിലൂടെ നൽകിയ വേദങ്ങളാണ് ഈ അറിവ്.അതിൽ എല്ലാ അറിവിന്റെയും മൂലമുണ്ട്. ആ അറിവുപയോഗിച്ചു നല്ലത് മാത്രം ചെയ്തു ജീവിച്ചാൽ മുക്തിമാർഗം തുറന്നു കിട്ടും.


നമ്മളെ പോലുള്ള സാധാരണമനുഷ്യർക്ക് എപ്പോഴും നല്ലത് മാത്രം ചെയ്യാൻ കഴിയുമോ.ചിലപ്പോൾ അറിയാതെ ചീത്തയും ചെയ്തുപോകും.നിലനിൽപ്പിന് വധവും ദണ്ഡനവും ഒഴിവാക്കാനാകാതെ വരും.അത് പാപമാണെങ്കിൽപോലും കടുത്ത ശിക്ഷ ലഭിക്കുന്നതല്ല.അറിഞ്ഞുകൊണ്ട് ദ്രോഹം ചെയ്യുന്നതാണ് കഠിനശിക്ഷക്ക് കാരണമാകുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ചെറിയ ജീവികൾ തീയിൽ പെട്ട് മരിച്ചെന്ന് വരാം. ഇത് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. ഭക്ഷണത്തിൻെറ ഒരംശം മറ്റ് ജീവികൾക്ക് കൊടുക്കുമ്പോൾ ഈ പാപം തീരും.നേരേ മറിച്ചു ഭക്ഷണത്തിന് വേണ്ടി ഒരു ജീവിയെ കൊല്ലുന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്ന പാപമാണ്.അങ്ങനെ കൊല്ലാൻ നമുക്ക് അധികാരമില്ല.അതിന് ദണ്ഡനം കിട്ടും.ആരെങ്കിലും കൊന്നു തന്നാലും പാപമുണ്ട്.കൊല്ലുന്നവൻ ,വില്കുന്നവൻ, പാകം ചെയ്യുന്നവൻ,തിന്നുന്നവൻ എന്നിവരെല്ലാം ആ ഹിംസയിലെ പങ്കാളികളാണ്.അവർക്കെല്ലാം ശിക്ഷ കിട്ടും.മാംസഭുക്കുകളായ ജീവികൾക്ക് ഒരിക്കലും മുക്തി കിട്ടുകയില്ല എന്നല്ല.അത് പ്രകൃതിയുടെ നിലനില്പിൻെറ നിയമമാണ്.കടുവ മാനിനെ കൊല്ലുമ്പോൾ ആ മാനിന് എന്തോ രോഗം കാണും.അത് മറ്റുള്ള മാനിന് പകരാതിരിക്കാൻവേണ്ടി ആ മാനിനെ ഇല്ലാതാക്കേണ്ടത് പ്രകൃതിനിയമത്തിൽ പെടുന്ന കൃത്യമാണ്.ആ മാൻ കടുവക്ക് ആഹാരമാകുകയും മാൻകൂട്ടം രക്ഷപ്പെടുകയും ചെയ്യുന്നു.ഇത് മനുഷ്യൻ ഇനിയും മനസിലാക്കിയിട്ടില്ലാത്ത പ്രകൃതിനിയമമാണ്.കടുവക്ക് പാപം ഉണ്ടാകുന്നില്ല.അത് പ്രകൃതിനിയമം അനുസരിച്ചാണ് കൊന്നുതിന്നുന്നത്.അത് പാപമല്ല ; ഹിംസയുമല്ല ; പ്രകൃതിനിയമവാഴ്ചയാണ്.


പാപം തീരാൻ തീർഥയാത്ര ചെയ്‌താൽ പോരാ.ചെയ്ത പാപത്തിൻെറ ഫലം അനുഭവിച്ചേ തീരൂ.തീർഥയാത്ര ചെയ്‌താൽ ആ സ്ഥലങ്ങളെ പറ്റി അറിയാൻ കഴിയും എന്ന് മാത്രം.തീർഥം എന്ന വാക്കിൻെറ അർഥം അറിയാത്തവരാണ് തീർഥയാത്ര കൊണ്ട് മുക്തികിട്ടും എന്ന് പറയുന്നത്.തീർഥത്തിൽ കുളിച്ചാൽ ചിലപ്പോൾ ശരീരത്തിലെ മാലിന്യങ്ങൾ പോയേക്കും.ഇപ്പോഴത്തെ തീര്ഥങ്ങളിൽ എല്ലാം മാലിന്യം കൂടുതലാണ്.ഗംഗയിലും മറ്റും മാലിന്യം വളരെകൂടുതലാണെന്ന് ആർക്കാണ് അറിവില്ലാത്തത്.തീർഥം എന്താണെന്ന് മഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട്.


'സത്യമ്തീര്ഥം, ക്ഷമാതീര്ഥം , തീര്ഥമിന്ദ്രിയനിഗ്രഹഃ ബ്രഹ്മചര്യം പരമ്തീര്ഥം, അഹിംസാതീര്ഥമുച്യതേ. സർവഭൂതദയാതീർഥം, അഹിംസാതീര്ഥമുച്യതേ. തീർഥാനാമുത്തമം തീര്ഥം വിശുധിര് മനസഃ പുനഃ'


ഈ ശ്ലോകം പദ്മപുരാണത്തിലുമുണ്ട്.


സത്യമ് തീർഥമ് ➨ സത്യം തീർഥമാകുന്നു


ക്ഷമാതീർഥമ് ➨ ക്ഷമ തീർഥമാകുന്നു


തീർഥമ് ഇന്ദ്രിയനിഗ്രഹഃ ➨ ഓരോന്നിനോടുമുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇന്ദ്രിയങ്ങൾക്കുള്ളത്.അതിനെ ഇല്ലാതാക്കുന്നതാണ് ഇന്ദ്രിയനിഗ്രഹം.അതിനെ തീര്ഥമെന്നു പറയുന്നു


ബ്രഹ്മചര്യമ് പരമ് തീർഥമ് ➨ ബ്രഹ്മചര്യം ഏറ്റവും വലിയ തീര്ഥമാണ്.ബ്രഹ്മമെന്നു വെച്ചാൽ മഹത്തും വലുതുമെന്ന് അർഥം.അതിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം.മഹത്തും വലുതുമായ ഏത് കാര്യത്തിലും പ്രവർത്തിക്കുന്നവർക്ക് മറ്റൊന്നും ചിന്തിക്കാൻ അവസരം കിട്ടുകയില്ല.അങ്ങനെ ചിന്തിക്കാതെ ലക്ഷ്യത്തിലേക്ക് പോകുന്നയാളാണ് ബ്രഹ്മചാരി.ആ ബ്രഹ്മചര്യം തീർഥമാകുന്നു.


അഹിംസാ തീർഥമ് ഉച്യതേ ➨ തന്നോടും അന്യരോടും ദ്രോഹം ചെയ്യായ്കലാണ് അഹിംസ.അതും തീർഥം തന്നെ എന്ന് പറയുന്നു.


സർവഭൂതദയാ തീർഥമ് ➨ സർവ ജീവജാലങ്ങളോടും ദയവ് കാട്ടുന്നത് തീർഥമാണ്.


തീർഥമ് ആർജവം ഏവ ച ➨ കഴിവ് നേടുന്നതത്രേ ആർജവം.അതും തീർഥം തന്നെ.


തീർഥാനാമ് ഉത്തമമ് തീർഥമ് വിശുദ്ധിഃ മനസഃ പുനഃ ➨എന്നാൽ ഏറ്റവും ഉത്തമമായ തീർഥം മനസിൻെറ വിശുദ്ധിയാണ്.


ശരീരം ,മനസ്സ് ,ആത്മാവ് എന്നീ മൂന്നിൻെറ കൂടിച്ചേർച്ചയാണ് മനുഷ്യൻ.ഓരോ വ്യക്തിയുടെയും മനസ്സ് ,ശരീരം ,ആത്മാവ് എന്നിവയുടെ അഭിവൃദ്ധിക്ക് അവയെ ശക്തമാകുന്ന ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.ശരീരത്തിന്റെ ആരോഗ്യത്തിന് വ്യായാമവും നല്ല നല്ല പുസ്തകങ്ങളുടെ വായനയും (സ്വാധ്യായം) നല്ല കാര്യങ്ങൾ കേൾക്കുന്നതും മനസ്സിന്റെ ആരോഗ്യത്തിനും ,ഈശ്വരധ്യാനം ,യോഗാഭ്യാസം എന്നിവ ആത്മാവിൻെറ ഉന്നതിക്കും കാരണമാകും.മഹാപുരുഷന്മാർ ഇങ്ങനെ ചെയ്തു മൂന്നിൻെറയും തുല്യാവളർച്ച നേടിയവരാണ്.


ദേവപൂജ എന്നത് എന്താണെന്ന് മനസിലാക്കി ചെയ്യേണ്ടതുണ്ട്.പ്രകാശിക്കുന്നതും വഴികാട്ടുന്നതും ദേവന്മാരാണ്.അവരെ പൂജിക്കണം.പൂജ സദുപയോഗമാണ്.നല്ല പുസ്തകം നമുക്ക് വഴികാട്ടിയാണ്.അത് വായിക്കാതെ അടച്ചുവെച്ചു പൂവും കർപ്പൂരവും കൊണ്ട് പൂജിക്കുന്നത് പൂജയല്ല ,സംരക്ഷണമാർഗമാണ്.


ദേവപൂജ ,സത്‌സംഗം, ദാനം എന്നിവ മൂന്നും ചേർന്നതാണ് യജ്ഞം.പ്രകൃതിയിലെ വിഭവങ്ങൾ ദുരുപയോഗം ചെയ്യായ്ക ,വിദ്വാൻമാരെ ആദരിച്ചു പൂജിക്കുക ,ഈശ്വരപ്രാർത്ഥന ചെയ്യുക എന്നിവയാണ് ദേവപൂജ.നല്ലവരുമായി സംസർഗം ചെയ്യുന്നതാണ് സത്‌സംഗം.നല്ല കാര്യങ്ങൾക്ക് കഴിവിനൊത്തു ചെയ്യുന്ന സഹായമാണ് ദാനം.


ആടിനെയും കോഴിയേയും മറ്റും വെട്ടുന്നത് തെറ്റാണ്.കടുത്ത അന്ധവിശ്വാസമാണ്.ഒരിക്കലും ചെയ്യരുതാത്ത പാപമാണത്. കോഴിയും ആടും മറ്റും ഈശ്വരൻെറ മക്കളാണ്.മക്കളെ കൊല്ലുന്നത് ഒരു പിതാവും ഇഷ്ടപ്പെടുകയില്ല. ആത്മാവ് നിത്യനാണ്.അതിന് നാശമില്ല.ശരീരം എന്നെങ്കിലും നശിക്കുന്നതുമാണ്.നിങ്ങൾ പേന കൊണ്ട് എഴുതുന്നു എന്നു കരുതുക. ആരെങ്കിലും വന്നു പേന തട്ടിയെടുത്താൽ ദേഷ്യവും ദുഃഖവും വരില്ലേ. അത് പോലെ ഒരാത്മാവിൻെറ ഉപയോഗത്തിൽ ഇരിക്കുന്ന ശരീരം തട്ടിയെടുക്കാൻ ആർക്കും അധികാരമില്ല.തട്ടിയെടുക്കുന്നത് പാപമാണ്.


ഭൂതം ,പ്രേതം, പിശാച് ,രക്ഷസ്സ് ,യക്ഷി തുടങ്ങിയവ ഉള്ളതാണ്.എന്നാൽ ഇവയുടെ അർഥം ഇന്ന് ധരിച്ചു വെച്ചിരിക്കുന്നത് തെറ്റാണ്.ഭൂതം എന്നാൽ കഴിഞ്ഞു പോയത് ,ഇനി വരാത്തത് എന്നർഥം.പ്രേതം ശവശരീരമാണ്.പിശാച് ശുചിയില്ലാത്തവരുടേയും ശവം ഭക്ഷിക്കുന്നവരുടേയും പര്യായമാണ്.രക്ഷസ്സ് മായാജാലം കൊണ്ടെന്ന പോലെ നാമാരും കാണാതെവന്നു നമ്മെ ആക്രമിക്കുന്ന കൃമികീടങ്ങൾ ,രോഗാണുക്കൾ മുതലായവയുടെ പേരാണ്.യക്ഷി എന്നാൽ യജ്ഞം ചെയ്യുമ്പോള്‍ ചൊല്ലിയിരുന്ന രക്ഷിത മന്ത്രങ്ങളെ '''യജ്ഞം രക്ഷി''' എന്ന അര്‍ത്ഥത്തില്‍ ആദ്യ വാക്കായ 'യ' അവസാന വാക്കായ 'ക്ഷി' ചേര്‍ത്തു യക്ഷി എന്നാണു മന്ത്രപഠിതാക്കള്‍ പരസ്പരം വിളിച്ചിരുന്നത്. ചൊല്ലി പഠിപ്പിക്കല്‍ നിലച്ചപ്പോള്‍ പില്ക്കാലത്ത് ഈ മന്ത്രങ്ങള്‍ നശിക്കാതിരിക്കാന്‍ പനയോലകളില്‍ എഴുതി സൂക്ഷിച്ചു എന്നിട്ട് യക്ഷി പനയോലയില്‍ ഉണ്ടെന്ന് സമാധാനിച്ചു.ഇന്നത്തെ കാലത്ത് യക്ഷിയെന്നു കേട്ടാൽ വെളുത്ത സാരിയുടുത്ത പനംകുല പോലെ മുടിയഴിച്ചിട്ട ഭീകര രൂപിയാക്കി ഒരു സ്ത്രീയെ പനയില്‍ കേറ്റി വെച്ച പോലെ ഉണ്ട്.പ്രേതസിനിമകൾ ആളുകളെ പേടിപ്പെടുത്തുന്നു.ബാധയുപദ്രവവും മറ്റും മനസ്സിന് ആരോഗ്യമില്ലാത്തവർക്ക് വരുന്ന രോഗമാണ്.അതിന് ചികിത്സാ എന്ന മട്ടിൽ ക്ഷേത്രത്തിലും പള്ളിയിലും പലതും നടക്കുന്നുണ്ട്.രോഗം വന്നിട്ട് ചികില്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കാൻ നോക്കുന്നതാണ്.


ഇത് വരെ ചിന്തിച്ചതെല്ലാം തെറ്റാണെന്നോ ശരിയാണെന്നോ അല്ല, എന്തും യുക്തിപൂർവം ചിന്തിച്ചു ശരിയും തെറ്റും വേര്തിരിച്ചെടുക്കുന്നത് മാത്രമേ മാർഗമുള്ളൂ.നമുക്ക് അറിയാവുന്നത് മാത്രം വിശ്വസിക്കുകയെന്നല്ല.അറിവ് മൂന്ന് തരത്തിലേ കിട്ടൂ.



പ്രത്യക്ഷം


അനുമാനം


ആഗമം

പ്രത്യക്ഷം ➨ നമുക്ക് കണ്ടോ കേട്ടോ ഇന്ദ്രിയങ്ങളാൽ അനുഭൂതമാകുന്ന അറിവാണ് പ്രത്യക്ഷം


അനുമാനം ➨ പ്രത്യക്ഷത്തിൽ നിന്ന് അനുമാനിക്കുന്നതാണ് അനുമാനം.തീ കത്തുമ്പോൾ പുകയുണ്ടാവും എന്നത് പ്രത്യക്ഷമായ അറിവാണ് .പിന്നെ എവിടെയെങ്കിലും പുക കണ്ടാൽ തീ എവിടെയോ കത്തുന്നുണ്ടെന്ന് അനുമാനിക്കാം.അതാണ് അനുമാനം.


ആഗമം ➨ അറിവുള്ളവർ പറഞ്ഞോ എഴുതിയോ പരമ്പരാഗതമായി കൈമാറുന്ന അറിവാണ് ആഗമമെന്നു പറയുന്നത്.


ഇവ മൂന്നും യുക്തിപൂർവം പ്രയോഗിച്ചു സത്യം അന്വേഷിച്ചു കണ്ടെത്തി നിർണ്ണയത്തിൽ എത്തുന്നതാണ് യുക്തിപൂർണമായ തീരുമാനം.ഈ മൂന്നിൽ ഒന്നോ രണ്ടോ എല്ലാമോ അനുകൂലമാകുന്നത് ശരിയായിരിക്കും.എന്നാൽ ചില മിഥ്യാബോധങ്ങളും ചിലപ്പോഴുണ്ടാകും.വെയിലത്ത് നടക്കുമ്പോൾ ജലാശയമുണ്ടെന്ന് ചിലപ്പോൾ തോന്നും.വെറും തോന്നലാണിത്.ഇവിടെ അനുമാനം കൂടി പ്രയോഗിക്കണം.ജലാശയത്തിൽ ജലപക്ഷികളെയോ തോണികളെയോ മൃഗങ്ങൾ സ്നാനപാനങ്ങൾ നടത്തുന്നത് കാണാം.കാനൽ ജലത്തിൽ അത് കാണുകയില്ല.അങ്ങനെ അത് ജലാശയമല്ലെന്ന് അനുമാനിക്കണം.പ്രത്യക്ഷവും അനുമാനവും ചേരാത്തിടത് ആഗമം ചേരുമോ എന്ന് നോക്കണം.മഹാഭാരതം വ്യാസമഹർഷിയാണ് എഴുതിയത് എന്നുള്ളതിന് പ്രത്യക്ഷമോ അനുമാനമോ ആയ ഒരു തെളിവും ഇല്ല.പരമ്പരാഗതമായി ആ സത്യം പറഞ്ഞുപഠിപ്പിച്ചു പോകുന്നു.ഇത് ആഗമത്തെളിവാണ്.ഇങ്ങനെ ഓരോന്നും പ്രമാണം കൊണ്ട് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് യുക്തിപൂർവകതീരുമാനം എന്ന് പറയും.


യുക്തിക്കതീതമായ വിശദീകരിക്കാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ട്.അതിനെ പറ്റി ചിന്തിച്ചു കൂട്ടിയാൽ അവ നമുക്ക് ദുഃഖം വരുത്തി വെക്കും."ഹേയം ദുഃഖം അനാഗതം" എന്ന് യോഗദർശനത്തിൽ പറഞ്ഞിട്ടുണ്ട്.വന്നിട്ടില്ലാത്ത ദുഃഖം നാം വരുത്തിവെക്കരുത്.


ഉദാഹരണത്തിന് ഗൃഹനാഥൻ മരിച്ച ഒരു വീട്ടിൽ ബന്ധുക്കൾ അദ്ദേഹം മരിച്ച നാൾ ജീവിച്ചിരിക്കുന്ന കുടുംബങ്ങൾക്ക് ദോഷം വരുത്തും എന്ന വിശ്വാസം പടച്ചു വിടുന്നു.കുടുംബംഗങ്ങൾ ഇതോർത്ത് വേവലാതിപ്പെട്ടു ഒരു ജ്യോതിഷനെ കാണും. അയാൾ ബിസിനെസ്സ് പാർട്ണർ ആയ കർമിയെ കൊണ്ട് ചില്ലറ ക്രിയകളും ഹോമങ്ങളും ചെയ്‌താൽ 'ദോഷം' മാറും എന്ന് ഈ വീട്ടുകാരെ പറഞ്ഞു ഫലിപ്പിക്കുന്നു. ജ്യോതിഷന്റെയും കർമിയുടെയും മക്കളുടെ സ്‌കൂൾഫീസും വീട്ടുചെലവും കൃത്യമായി നടക്കണമെങ്കിൽ അനേകം ആളുകൾ ഹോമവും ക്രിയയും ചെയ്യേണ്ടതായി ഉണ്ട്. നാം വഴിയേ പോയ വയ്യാവേലി എടുത്ത് ദുഃഖമാക്കി അത് തീർക്കാൻ ധനം ചെലവഴിക്കുന്നു.


മറുത എന്ന വാക്ക് "മൃത" എന്നതിൽ തദ്ഭാവമായതിനാൽ അങ്ങനെയൊന്ന് സഞ്ചരിച്ചു മനുഷ്യനെ പേടിപ്പിക്കുകയില്ല.


പേരിടീൽ ,എഴുത്തിനിരുത്തൽ, ചോറൂണ് തുടങ്ങിയവ ആചാരങ്ങളല്ല , സംസ്കാരങ്ങളാണ്. ആചാരങ്ങൾക്ക് "നടപ്പ്" എന്ന് പറയും.ഇവയിൽ ചിലത് കീഴ്വഴക്കങ്ങളാണ്.സത്യാചരണം ,വ്രതാചരണം, ധർമ്മാചരണം ,പഥ്യാചരണം,അയിത്താചരണം ,ദുഃഖാചരണം എന്നിവ ഉണ്ടല്ലോ.ഇതിൽ സദാചാരം ,അനാചാരം ,ദുരാചാരം എന്നീ ഭേദങ്ങളുണ്ട്.ധർമം ,വ്രതം ,പഥ്യം,സത്യം എന്നിവ ആചരിക്കുന്നത് സദാചാരമാണ്.വരിക്കുന്നതാണ് വ്രതം.ധർമവും പഥ്യവും സത്യവും വരിക്കുന്നെന്ന് സങ്കൽപ്പിക്കണം.അപ്പോഴത്‌ വ്രതമായി.ആ വ്രതം സദാചാരമാണ്.അര്ഥമറിയാതെ ആചരിക്കുന്ന അയിത്തം , ആഡംബരം മുതലായവ അനാചാരങ്ങളാണ്.തനിക്കും മറ്റുള്ളവർക്കും ദോഷം വരുത്തുന്നതെല്ലാം ദുരാചാരമാണ്.ഇവ പറഞ്ഞാൽ തീരാത്തവണ്ണം വർധിച്ചിട്ടുണ്ട്.ദുരഭിമാനക്കൊല, സദാചാര മർദ്ദനം ,ആൾക്കൂട്ട മർദനവും കൊലയും , ബന്ദ് (കേരളാ ഹർത്താൽ) തുടങ്ങി അനേകമുണ്ട് .അജ്ഞതയും അവിദ്യയുമാണ് ഇവക്ക് കാരണം.ഇവ ഇല്ലാതാക്കാൻ ഉള്ള വഴിയാണ് സംസ്കാരമുണ്ടാക്കുക എന്നത്.


സമാപ്തം

Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya